തിരുവനന്തപുരം > നിയമസഭയിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്ത സംഘടിതവും ആസൂത്രിതവുമാണെന്ന് സ്പീക്കർ എം ബി രാജേഷ്. നിയമസഭ റിപ്പോർട്ട് ചെയ്യാൻ പാസ് അനുവദിച്ച എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി പാസ് പരിശോധിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. തുടക്കത്തിൽ അത് ചില ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ പാസ് അനുവദിച്ച എല്ലാവരെയും പ്രവേശിപ്പിച്ചു. പാസ് പുതുക്കാതെ പഴയ പാസ് ഉള്ളവർക്കും പ്രവേശനം നൽകി. എന്നാൽ മാധ്യമവിലക്ക് എന്നത് കുറച്ച് കടന്നു പോയി. ചിലകാര്യങ്ങള്‍ പ്രചരിപ്പിച്ചത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും സ്പീക്കർ പറഞ്ഞു.
പാസ് അനുവദിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഇന്ന് നിയമസഭയില്‍ പ്രവേശിപ്പിച്ചു. പാസ് കര്‍ശനമായി ചോദിച്ചിട്ടുണ്ട്. അത് കുറച്ച് പേർക്ക് ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവും. പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല. പാസ് ചോദിക്കും. ക്യാമറയ്ക്ക് എപ്പോഴും മീഡിയ റൂമില്‍ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അത് ഇന്ന് ഏർപ്പെടുത്തിയ നിയന്ത്രണമില്ല. അത് അബദ്ധത്തിൽ കൊടുത്ത വാർത്തായി തോന്നുന്നില്ല. സഭാ നടപടികൾ ലഭ്യമാക്കുന്നത് സഭാ ടിവി വഴിയാണ്. ചാനൽ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്.
സഭയില്‍ ഇന്ന് വലിയ പ്രതിഷേധം നടന്നു. പ്രതിപക്ഷത്തിന്റെ മാത്രമല്ല ഭരണപക്ഷത്തിന്റെ പ്രതിഷേധവും സഭ ടിവിയിൽ കാണിച്ചിട്ടില്ല. സഭ ടിവി സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കുകയെന്നതാണ് സഭ ടിവി രീതി. പ്രതി പക്ഷ നേതാവ് മൈക്ക് ആവശ്യപ്പെട്ടിട്ടില്ല, അതുകൊണ്ട് അദ്ദേഹത്തെ സഭാ ടിവിയില്‍ കാണിച്ചില്ല. സഭയിൽ ബാഡ്ജും പ്ലക്കാർഡും പ്രദർശിപ്പിക്കാനാകില്ല എന്നത് സഭ നിയമമാണ്. എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാധ്യമ സമ്മർദ്ദം നടപ്പാക്കാൻ സഭാ ചട്ടം അനുവദിക്കുന്നില്ല. ചട്ട ലംഘനത്തിന് സഭാ അധ്യക്ഷന്‍ കൂട്ടുനിൽക്കാനാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.