ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് എസ്ഐടി നൽകിയ ക്ലീൻചിറ്റ് ശരിവച്ച സുപ്രീംകോടതി വിധിയിൽ നിരാശയുണ്ടെന്ന് കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഫ്സാൻ ജാഫ്രിയുടെ മകൻ തൻവിർ ജാഫ്രി.
വംശഹത്യക്കു പിന്നിൽ ഗൂഢാലോചനയും ആസൂത്രണവുമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇഫ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ നൽകിയ ഹർജിയാണ് തള്ളിയത്. “വിധിന്യായം വായിച്ചിട്ടില്ല. ഉത്തരവിൽ കടുത്ത നിരാശയുണ്ട്. വിധി മുഴുവൻ വായിച്ചശേഷം അടുത്ത നടപടി തീരുമാനിക്കും’–– തൻവിർ ജാഫ്രി പ്രതികരിച്ചു. സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കാതെ മറ്റു വഴിയൊന്നുമില്ലെന്ന് ആയിരുന്നു സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോത്ത് വാഡിയയുടെ പ്രതികരണം. കലാപത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഒരാൾ ഞങ്ങളുടെ എംപിയായിരുന്ന ഇഫ്സാൻ ജാഫ്രിയായിരുന്നു. നീതി കിട്ടുമെന്ന പ്രത്യാശയിലാണ് അദ്ദേഹത്തിന്റെ ഭാര്യ സാകിയ 85–-ാം വയസ്സിലും നിയമപോരാട്ടം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐടി
റിപ്പോർട്ട് ശരിവച്ചു
എസ്ഐടി റിപ്പോർട്ട് പൂർണമായും ശരിവച്ചാണ് സാകിയ ജാഫ്രിയുടെ ഹർജി സുപ്രീംകോടതി തള്ളിയതെന്ന് സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് പറഞ്ഞു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് സഹായങ്ങൾ നൽകിയത് ടീസ്ത ഉൾപ്പെടെയുള്ളവർ ആയിരുന്നു. ടീസ്തയെ വിമർശിക്കുന്ന പരാമർശം സുപ്രീംകോടതി വിധിയിലുണ്ട്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിക്കു നേരെയുണ്ടായ ആക്രമണത്തിലാണ് ഇഹ്സാൻ ജാഫ്രി ഉൾപ്പെടെ 68 പേർ കൊല്ലപ്പെട്ടത്.