ന്യൂഡൽഹി
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിൽ നടന്ന സംഭവങ്ങൾ ദേശീയതലത്തിലെ പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ സിപിഐ എമ്മുമായുള്ള സഹകരണത്തെ ബാധിക്കില്ലെന്ന് കോൺഗ്രസ്. എഐസിസി ആസ്ഥാനത്തെ വാർത്താ സമ്മേളനത്തിൽ പാർടി വക്താവ് സുപ്രിയ ശ്രീനേറ്റാണ് നിലപാട് വ്യക്തമാക്കിയത്.
കേരള മുഖ്യമന്ത്രിയും സിപിഐ എമ്മും നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. സംഭവത്തെ അപലപിക്കുന്നതും ദേശീയതലത്തിലെ യോജിപ്പും രണ്ടാണെന്നും അവർ വ്യക്തമാക്കി. എല്ലാ ആക്രമണങ്ങളും അപലപനീയമാണെന്നും സുപ്രിയ പറഞ്ഞു.
അതേസമയം, സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉന്നയിച്ച ഉന്നതതല ഗൂഢാലോചനയടക്കമുള്ള ആരോപണങ്ങളെ അവർ പരാമർശിച്ചില്ല. ഒറ്റപ്പെട്ട സംഭവങ്ങളെ പൊലിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് എഐസിസിക്ക്. സിപിഐ എം ആസ്ഥാനമായ ഡൽഹി എ കെ ജി ഭവനിലേക്ക് മാർച്ച് നടത്തിയതിനോടും നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷനടക്കം മാർച്ചിൽ പങ്കെടുക്കാതിരുന്നത്.