കൽപ്പറ്റ
വയനാട്ടിൽ എംപി ഓഫീസിലെ അക്രമത്തിന് എരിവ് പകരാൻ ചുമരിലിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി തകർത്ത് കോൺഗ്രസ്. അതിക്രമത്തിനുശേഷം വിദ്യാർഥികൾ മടങ്ങിയപ്പോൾ വാർത്താ ചാനലുകൾ ഓഫീസിനുള്ളിൽനിന്ന് പകർത്തിയ ദൃശ്യങ്ങളിലും ഈ ഗാന്ധിചിത്രം ചുമരിലാണുള്ളത്. മേശപ്പുറത്ത് ഫയലുകളും കാണാം. ഓൺലൈൻ മാധ്യമങ്ങൾ നൽകിയ വാർത്തകളിലും ചിത്രം ചുമരിൽതന്നെ.
പിന്നീട് ഓഫീസിലുള്ള കോൺഗ്രസ് പ്രവർത്തകർ തന്നെ ഗാന്ധിചിത്രം താഴെയിട്ട് തകർക്കുകയും ഫയലുകൾ നിലത്ത് വലിച്ചുവാരിയിടുകയുമായിരുന്നു. പിന്നീട് ആ ചിത്രം പത്രങ്ങൾക്കും നൽകി. ഗാന്ധിജിയുടെ ഫോട്ടോ തകർത്തെന്ന് ടി സിദ്ദിഖ് എംഎൽഎയാണ് ആദ്യം നുണ ഉന്നയിച്ചത്. പിന്നീട് മറ്റുള്ളവർ ഏറ്റെടുത്തു.
ശനിയാഴ്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇത് ആവർത്തിച്ചു. സത്യം മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാണിച്ചപ്പോൾ സതീശൻ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഗാന്ധിച്ചിത്രം നിലത്തിട്ടത് യൂത്ത് കോൺഗ്രസെന്ന്
ഹസ്സന്റെ സ്ഥിരീകരണം
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിച്ചിത്രം താഴെയിട്ട് അപമാനിച്ചത് യൂത്ത് കോൺഗ്രസുകാരെന്ന് സ്ഥിരീകരിച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ഹസ്സന്റെ സ്ഥിരീകരണം. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് അസ്വസ്ഥനായി പ്രതികരിച്ച ഹസ്സൻ, യൂത്ത് കോൺഗ്രസുകാർ ഗാന്ധിജിയുടെ ചിത്രം താഴെയിട്ടതാണോ വലിയ പ്രശ്നമെന്ന് ചോദിച്ചു. ഒടുവിൽ ഈ ചോദ്യത്തിന് മറുപടിയില്ല എന്നു പറഞ്ഞ് യുഡിഎഫ് കൺവീനർ തടിയൂരി.
ഗാന്ധിജിയുടെ ചിത്രം എസ്എഫ്ഐക്കാർ താഴെയിട്ട് അപമാനിച്ചുവെന്ന തരത്തിൽ വലിയ പ്രചാരണമാണ് കഴിഞ്ഞ ദിവസംമുതൽ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും നടത്തിയത്. എന്നാൽ, പ്രതിഷേധത്തിനുശേഷം ചിത്രീകരിച്ച പല വീഡിയോകളിലും ഗാന്ധിജിയടക്കമുള്ള മുൻകാല നേതാക്കളുടെ ചിത്രം ചുമരിലുണ്ട്. പിന്നീടാണ് ഗാന്ധിജിയുടെ ചിത്രം നിലത്ത് പൊട്ടിച്ചിട്ട രീതിയിലുള്ള ചിത്രങ്ങൾ പുറത്തുവന്നത്. ഈ വിഷയത്തിൽ വയനാട്ടിൽ ചോദ്യമുന്നയിച്ച ദേശാഭിമാനി ലേഖനെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയതിനെയും ഇറക്കിവിടുമെന്ന് പറഞ്ഞതിനെയും ഹസ്സൻ ന്യായീകരിച്ചു.
മുഖ്യമന്ത്രിയുടെ ആജ്ഞപ്രകാരം ഇ പി ജയരാജൻ വയനാട്ടിലെത്തി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് എസ്എഫ്ഐ പ്രവർത്തകർ സംഘർഷമുണ്ടാക്കിയതെന്നും ഹ സ്സൻ ആരോപിച്ചു. മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ ആക്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയ സ്വീകരണത്തെ ഹസ്സൻ ന്യായീകരിച്ചു. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ ചുവടുപിടിച്ച് ജൂലൈ രണ്ടിന് സെക്രട്ടറിയറ്റിനും കലക്ടറേറ്റുകൾക്ക് മുന്നിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്ന് ഹസ്സൻ പറഞ്ഞു.
ചോദ്യമുന്നയിച്ചാൽ ചീത്തവിളി… കല്ലേറ്
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം നിലത്തിട്ട് പൊട്ടിച്ചതാരെന്ന് പുറത്തുവന്നതോടെ ജാള്യം മറയ്ക്കാൻ മാധ്യമപ്രവർത്തകർക്കുനേരെ അധിക്ഷേപവും ഭീഷണിയും. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗാന്ധിജിയുടെ ചിത്രം തകർത്ത് അപമാനിച്ചെന്ന കള്ളപ്രചാരണമാണ് കഴിഞ്ഞ ദിവസംമുതൽ കോൺഗ്രസ് നേതൃത്വം നടത്തിയത്. എന്നാൽ, സംഘർഷം കഴിഞ്ഞയുടൻ പകർത്തിയ ചിത്രങ്ങളിലും വാർത്താ ചാനലുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും അടക്കമുള്ള ദൃശ്യങ്ങളിലുമെല്ലാം ഗാന്ധിജിയുടെ ചിത്രം ചുമരിലുണ്ടെന്ന് വ്യക്തമായിരുന്നു. പിന്നീട് എംപി ഓഫീസിലുണ്ടായിരുന്നവർ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് ഗാന്ധിജിയുടെ ചിത്രം ചില്ലുതകർന്ന് താഴെ കിടക്കുന്നത് കാണുന്നത്. പ്രകോപനമുണ്ടാക്കി അണികളെ അക്രമത്തിനിറക്കാൻ നേതൃത്വം ബോധപൂർവം നടത്തിയതാണ് ഇതെന്ന് വ്യക്തമായി. ഇതോടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ മാധ്യമപ്രവർത്തകർക്കുനേരെ തിരിഞ്ഞത്.
പിന്നീട് കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധറാലിക്ക് എത്തിയ കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി ദേശാഭിമാനിയുടെ ജില്ലാ ബ്യൂറോയ്ക്കുനേരെ കല്ലെറിഞ്ഞു. ദേശീയപാതയിൽനിന്ന് മാറി സ്ഥിതിചെയ്യുന്ന ഓഫീസിലേക്ക് സംഘടിച്ചെത്തിയായിരുന്നു അതിക്രമം. പ്രതിപക്ഷ നേതാവിന് ഇഷ്ടപ്പെടാത്ത ചോദ്യമുന്നയിച്ചതല്ലാതെ ദേശാഭിമാനി ഓഫീസ് ആക്രമിക്കാൻ മറ്റു കാരണമുണ്ടായിരുന്നില്ല.
വി ഡി സതീശന്റെ ഭീഷണിയെ ന്യായീകരിക്കാനാണ് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ യുഡിഎഫ് കൺവീനർ എം എം ഹസ്സനും ശ്രമിച്ചത്. അസത്യമായ കാര്യങ്ങൾ രാഷ്ട്രീയമായി ചോദിച്ചാൽ ഇറങ്ങിപ്പോകാനല്ലാതെ എന്ത് പറയുമെന്നായിരുന്നു ഹസ്സന്റെ ന്യായം.