തിരുവനന്തപുരം
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നിലവിലെ സൗജന്യ ഒപി (ഔട്ട് പേഷ്യന്റ്) ചികിത്സാസഹായം തുടരും. മെഡിസെപ് നടപ്പിൽവരുമ്പോഴും ഒപി സൗജന്യ ചികിത്സാസഹായം നിർത്തില്ല. നിലവിലെ രീതിയിൽ ഒപി ചികിത്സാ ബില്ലുകളും ഡോക്ടർ സർട്ടിഫിക്കറ്റുമടക്കം രേഖകൾ ഹാജരാക്കിയാൽ ചെലവ് സർക്കാർ മടക്കിനൽകും. മെഡിസെപ്പിൽ ഒപി ചികിത്സാ ചെലവിന് പരിരക്ഷയില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.
പൂർണമായും പണം ഒഴിവാക്കിയുള്ള ചികിത്സാ സൗകര്യമാണ് മെഡിസെപ്പിലുള്ളത്. 260ൽപ്പരം ആശുപത്രി പദ്ധതിയിലുണ്ട്. എല്ലാ ജില്ലയിലും അവയവമാറ്റ ചികിത്സാസൗകര്യമുള്ള ഒരു ആശുപത്രിയെങ്കിലും പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്തിനുപുറത്ത് പതിനഞ്ചിൽപ്പരം ആശുപത്രിയും മെഡിസെപ് സൗകര്യമൊരുക്കും.
● അരലക്ഷം പാർടൈം
ജീവനക്കാരും
തദ്ദേശസ്വയംഭരണം ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ശുചീകരണജോലിയടക്കം നിർവഹിക്കുന്ന പാർടൈം ജീവനക്കാരും മെഡിസെപ് അംഗങ്ങളാകും. അരലക്ഷത്തിലേറെപ്പേർക്കാണ് പ്രയോജനം. മെഡിക്കൽ റീഇംബേഴ്സ്മെന്റ് അടക്കം ആനുകൂല്യങ്ങൾ ഈ വിഭാഗത്തിന് ലഭ്യമായിരുന്നില്ല.
● പ്രീമിയം തുകയിൽ
പ്രത്യേക നിധിയും
ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രീമിയം തുക സർക്കാർ നാലു ഗഡുവിൽ മുൻകൂറായി ഇൻഷുറൻസ് കമ്പനിക്ക് നൽകും. ഇത് 500 രൂപവീതം 12 ഗഡുവായി ശമ്പളത്തിൽനിന്നും പെൻഷനിൽനിന്നും പിടിക്കും. ജീവനക്കാരുടെ ഗഡുക്കൾ ജൂണിലെ ശമ്പളത്തിൽനിന്ന് പിടിച്ചുതുടങ്ങും. പെൻഷൻകാരുടേത് ജൂലൈമുതലും.
ഒരാളുടെ വാർഷിക പ്രീമിയം തുക 4800 രൂപ. 18 ശതമാനം നിരക്കിൽ ജിഎസ്ടി 864 രൂപ. അംഗത്തിൽനിന്ന് ഈടാക്കുന്ന 6000 രൂപയിൽ ബാക്കി 336 രൂപ പ്രത്യേക നിധി (കോർപസ് ഫണ്ട്)യിലേക്ക് മാറ്റും. ഇത് അവയവമാറ്റം അടക്കമുള്ള അതീവഗുരുതര രോഗങ്ങളുടെ ചികിത്സാ സഹായത്തിനായി വിനിയോഗിക്കും.
ആദ്യഘട്ടത്തിൽ നിധിയിൽ 35 കോടി രൂപ ഉറപ്പാക്കും. നിധിയിലെ പണം തീർന്നുപോയാലും ചികിത്സ മുടങ്ങില്ല. ഇൻഷുറൻസ് കമ്പനി അനുവദിക്കുന്ന ചെലവ് സർക്കാർ മടക്കിനൽകും.
● കാർഡ് ഒന്നുമുതൽ
മെഡിസെപ് ഇൻഷുറൻസ് കാർഡുകൾ ജൂലൈ ഒന്നുമുതൽ അംഗങ്ങൾക്ക് വെബസൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ദ്വിതല പരാതി പരിഹാര സംവിധാനവുമുണ്ട്. ധനവകുപ്പിൽ നോഡൽ ഓഫീസ് പ്രവർത്തിക്കും. തിങ്കൾ മുതൽ കോൾ സെന്ററും പ്രവർത്തനത്തിലാകും.