കൽപ്പറ്റ> കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ് ആക്രമിച്ചു. കല്ലെറിഞ്ഞശേഷം അസഭ്യവിളികളോടെ ഓഫീസിലേക്ക് ഇറച്ചുകയറാനും ശ്രമിച്ചു. ശനി വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വാർത്തസമ്മേളനത്തിൽ ചോദ്യം ചോദിച്ചതിലെ അമർഷമാണ് അക്രമത്തിന് കാരണം.
രാഹുൽഗാന്ധി എംപിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവർത്തകർ ദേശാഭിമാനി ഓഫീസിന് നേരെ പാഞ്ഞ് വരികയായിരുന്നു. ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴുക്കി കല്ലെറിഞ്ഞു. വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയായ സ്ത്രീയും കുട്ടികളും പുറത്തിറങ്ങുകയും പരിഭ്രാന്തരായി ഒച്ചവയ്ക്കുകയും ചെയ്തതോടെയാണ് അക്രമികൾ പിന്തിരിഞ്ഞത്.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജഷീർ പള്ളിവയലിന്റെയും നേതൃത്വത്തിലായിരുന്നു അക്രമണം. ദേശീയപാതയിലെ റാലിക്കിടെ ഒരുസംഘം അക്രമികൾ വഴിതിരിഞ്ഞ് കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക് എത്തി കല്ലെറിയുകയായിരുന്നു. കല്ലുകൾ ഓഫീസിന്റെ ചുമരകളിലും താഴെത്തെ നിലയിലുള്ള വീട്ടിലും പതിച്ചു. പൂച്ചട്ടികൾ ഉൾപ്പെടെ തകർന്നു.