ന്യൂഡൽഹി> ഇന്റലിജൻസ് ബ്യൂറോ (ഐബി) ഡയറക്ടറായി തപൻ ദേഖയെയും നിതി ആയോഗ് സിഇഒയായി പരമേശ്വരൻ അയ്യരെയും നിയമിച്ചു. റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) സെക്രട്ടറിയായി സാമന്ത്ഗോയലിന് ഒരുവർഷംകൂടി കാലാവധി നീട്ടിനൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.
നിലവിൽ ഐബി ഓപ്പറേഷണൽ ഡെസ്ക് തലവനായ തപൻദേഖ വടക്കുകിഴക്കൻ വിഷയങ്ങളിൽ വിദഗ്ധനാണ്. 1988 ഹിമാചൽപ്രദേശ് കേഡർ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ ഐബിയിലെ മുതിർന്ന നാല് ഉദ്യോഗസ്ഥരെ മറികടന്നാണ് നിയമിച്ചത്.
നിതി ആയോഗ് സിഇഒ അമിതാഭ്കാന്ത് 30നു കാലാവധി പൂർത്തിയാക്കിയതോടെയാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ പരമേശ്വരൻ അയ്യറെ പുതിയ സിഇഒയാക്കിയത്. 1981 ബാച്ച് യുപി കേഡർ ഉദ്യോഗസ്ഥനാണ് അദ്ദേഹം. രണ്ടുവർഷത്തേക്കാണ് നിയമനം. പരമേശ്വരൻ അയ്യർ കുടിവെള്ള, ശുചീകരണ വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സ്വച്ഛ്ഭാരത് പദ്ധതിയുടെ ബുദ്ധികേന്ദ്രമെന്ന് അറിയപ്പെടുന്നു.
കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് സാമന്ത്ഗോയലിന് റോ സെക്രട്ടറിയായി ഒരുവർഷം കാലാവധി നീട്ടിനൽകിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ദോവലുമായി മികച്ച ബന്ധം പുലർത്തുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം.