കൊച്ചി
മാസങ്ങളോളം പ്രതിപക്ഷവും മാധ്യമങ്ങളും ആഘോഷിച്ച ‘ഖുർആന്റെ മറവിൽ സ്വർണക്കടത്ത്’ ഒടുവിൽ യുഎഇ കോൺസുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടച്ചാൽ തീരുന്ന കേസായി അവസാനിക്കുന്നു. ഖുർആൻ കൊണ്ടുവന്ന് വ്യവസ്ഥകൾ പാലിക്കാതെ വിതരണം ചെയ്തതിന് നിശ്ചിത തുക ഡ്യൂട്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ കോൺസുലേറ്റിന് നോട്ടീസ് നൽകിയിരിക്കുകയാണ് കസ്റ്റംസ്. കഴിഞ്ഞ പതിനഞ്ചിനാണ് കോൺസുലേറ്റിന് കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർ നോട്ടീസ് നൽകിയത്. ഇറക്കുമതി ചെയ്ത ഖുർആൻ പുറത്ത് വിതരണം ചെയ്തത് കസ്റ്റംസ് ഡ്യൂട്ടി ഇളവ് വ്യവസ്ഥകൾക്ക് എതിരാണ്. അതിനാൽ 2,63,870 രൂപ കോൺസുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.
2020 മാർച്ച് ആറിനാണ് യുഎഇയിൽനിന്ന് 32 ഖുർആൻ കോപ്പികൾവീതമുള്ള 32 പാക്കറ്റുകൾ തിരുവനന്തപുരം വിമാനത്താവളംവഴി കോൺസുലേറ്റിലെത്തിയത്. 4479 കിലോ തൂക്കമുണ്ടായിരുന്ന പാക്കറ്റിന് 10,84,993 രൂപ കസ്റ്റംസ് ഡ്യൂട്ടി ഇളവ് നൽകി. സ്വർണക്കടത്ത് കേസ് വന്നതോടെ ഖുർആൻ അടങ്ങിയ പെട്ടികളിൽ സ്വർണം ഒളിപ്പിച്ചിരുന്നതായി പ്രതിപക്ഷം ആരോപിച്ചു.
കോൺസുലേറ്റിന്റെ അഭ്യർഥനപ്രകാരം ഖുർആൻ വിതരണത്തിന് സൗകര്യം ചെയ്ത മന്ത്രി കെ ടി ജലീലിനെ കള്ളക്കടത്തുകാരനാക്കി, മാധ്യമങ്ങൾ കുരുക്ക് മുറുക്കി. ജലീൽ ഉൾപ്പെടെയുള്ളവരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖരെ കേസിലേക്ക് വലിച്ചിഴച്ചു. ഒടുവിൽ, കോൺസുലേറ്റിന് അയച്ച കത്തിലൂടെ എല്ലാം പൊയ്വെടിയായിരുന്നെന്ന് സമ്മതിക്കുകയാണ് കസ്റ്റംസ്.
സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുമുണ്ട് ‘ഖുർആന്റെ മറവിൽ സ്വർണക്കടത്ത്’ ആരോപണം. കോൺസുലേറ്റ് ജനറലും കെ ടി ജലീലും ചേർന്ന് ഖുർആൻ അടങ്ങിയ 570 പെട്ടികളിൽ സ്വർണം കടത്തിയെന്നാണ് സ്വപ്നയുടെ ‘ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ’.