തിരുവനന്തപുരം
സഭാ ടിവിയുടെ പരിപാടികൾ സ്വകാര്യ ചാനലുകളിൽ സംപ്രേഷണം ചെയ്തിരുന്നത് അവസാനിപ്പിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ്. മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഭാ ടിവി ഒടിടി പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്യാനാണ് തീരുമാനിച്ചത്. അതിനായി ഏജൻസിയെ ചുമതലപ്പെടുത്തി. ഒടിടി പ്ലാറ്റ്ഫോമിനൊപ്പം പ്രധാന ചാനലുകളിലെ ടൈം സ്ലോട്ട് വാങ്ങി പരിപാടികൾ സംപ്രേഷണം ചെയ്തിരുന്നു.
ഏറ്റവും കൂടുതൽ തുക ചെലവായത് സ്വകാര്യ ചാനലുകളിലെ സംപ്രേഷണത്തിനാണ്. ഇതുവരെ 5.91 കോടി രൂപയാണ് സഭാ ടിവിക്കായി ചെലവഴിച്ചത്. അതിൽ ചാനലുകളിലെ ടെലികാസ്റ്റിങ് ഫീസായി 2.36 കോടിയും പരിപാടികളുടെ നിർമാണത്തിനായി 84 ലക്ഷം രൂപയും ചെലവഴിച്ചു.
സഭാ ടിവിയുടെ ആകെ ചെലവിന്റെ 54 ശതമാനവും ചാനലുകളിലെ സംപ്രേഷണത്തിനായിരുന്നു. ഈ സാഹചര്യത്തിൽ ചാനലുകളിലെ സംപ്രേഷണം അവസാനിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു.