മുംബൈ> അനുനയനീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ ബിജെപിയുടെ അട്ടിമറി ശ്രമം നിയമസഭയിൽ നേരിടാനുറച്ച് ശിവസേന. വിമതരുടെ നീക്കത്തിന് വഴങ്ങില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ രാജിവെക്കില്ലെന്നും ശിവസേന ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി.
വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡി തീരുമാനം. വിമതരെ അനുനയിപ്പിക്കാൻ, മഹാസഖ്യത്തിൽനിന്ന് പിൻവാങ്ങാൻ തയ്യാറാണെന്നുവരെ വ്യാഴാഴ്ച ശിവസേന നേതൃത്വം വാക്ക് നൽകിയിരുന്നു. എന്നാൽ അതും ഏക്നാഥ് ഷിൻഡെ തള്ളി. തുടർന്നാണ് വിമതരുടെ ഭീഷണിക്ക് വഴങ്ങേണ്ടെന്നും നിയമസഭയിൽ നേരിടാനും മഹാസഖ്യ നേതൃത്വം തീരുമാനിച്ചത്.
മഹാസഖ്യത്തെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോരാടുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചശേഷം പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബദൽ നീക്കവുമായി ഉദ്ധവും രംഗത്തിറങ്ങി. വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർക്ക് ശിവസേന കത്ത് നൽകി. 12 വിമത എംഎൽഎമാർക്ക് ഉദ്ധവ് വിപ്പും നൽകി.