തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് കെ–-റെയിൽ എംഡി വി അജിത്കുമാർ. പദ്ധതി മരവിപ്പിക്കാൻ കെ––റെയിലോ സർക്കാരോ തീരുമാനിച്ചിട്ടില്ല. കല്ലിട്ട സ്ഥലങ്ങളിൽ സാമൂഹ്യാഘാത പഠനം നടക്കുന്നുണ്ട്. അത് പൂർത്തിയായാൽ ജിയോടാഗിങ് വഴി അതിർത്തി നിർണയിച്ച് ബാക്കിയുള്ള സ്ഥലങ്ങളിലും പഠനം തുടരുമെന്നും കെ––റെയിൽ നടത്തിയ ജനസമക്ഷം 2.0 ഓൺലൈൻ സംവാദത്തിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്രം നൽകുന്ന പലിശരഹിത വായ്പയുൾപ്പെടെ എല്ലാ കടവും 50 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാനാകും. ഈ കാലത്തിനുള്ളിൽ സംസ്ഥാനത്ത് വലിയ വികസനങ്ങൾ വരും, മാറ്റമുണ്ടാകും. ഏതുതരം വായ്പയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. നഷ്ടപരിഹാരത്തുക മുഴുവനും നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ. പുനരധിവാസം ഉറപ്പാക്കിയേ പണി തുടങ്ങൂ.
സിൽവർ ലൈൻകൊണ്ട് റെയിൽവേക്ക് നഷ്ടമുണ്ടാകില്ലെന്ന് മാത്രമല്ല, ഗുണങ്ങളേറെയുണ്ടെന്ന് സിസ്ട്ര പ്രോജക്ട് ഡയറക്ടർ എം സ്വയംഭൂലിംഗം പറഞ്ഞു. കേരളത്തിൽ കൂടുതൽ വ്യവസായസംരംഭങ്ങളും വിഴിഞ്ഞം തുറമുഖവും വരുന്നുണ്ട്. അതിനാൽ ഇവിടത്തെ ചരക്ക് ഗതാഗതം വർധിക്കും. സിൽവർ ലൈൻ റോറോ സർവീസും ഉണ്ട്.
പദ്ധതിമൂലം ആർക്കും ദ്രോഹമുണ്ടാകില്ലെന്ന് സെക്ഷൻ എൻജിനിയർ പ്രശാന്ത് സുബ്രഹ്മണ്യൻ പറഞ്ഞു. തങ്ങൾക്ക് ലഭിച്ച വിവിധ സന്ദേശങ്ങൾ പ്രകാരം കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പദ്ധതിയെ അനുകൂലിക്കുകയാണ്. ഇ–-മെയിൽ വഴിയും കെ––റെയിൽ വെബ്സൈറ്റിലും ലഭിച്ച ചോദ്യങ്ങൾക്കും തത്സമയം ലഭിച്ച ചോദ്യങ്ങൾക്കും മറുപടി നൽകി.