കൊച്ചി
തെളിവുകളുടെ അഭാവത്തിൽ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിലെ തുടരന്വേഷണം ഇഡിക്കും അസാധ്യമായേക്കും. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ തുടർച്ചയായി രണ്ടുദിവസം മൊഴിയെടുത്തെങ്കിലും വ്യക്തമായ തെളിവുകളൊന്നും നൽകാൻ സ്വപ്നക്കായിട്ടില്ല. ഏറ്റവും ഒടുവിൽ നൽകിയ രഹസ്യമൊഴിയിലെ ആരോപണങ്ങൾ നേരത്തേ കസ്റ്റംസിനും നൽകിയതാണ്. എൻഐഎക്കും ഇതേവിവരങ്ങൾ നൽകിയതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, തെളിവുകളുടെ അഭാവത്തിൽ രണ്ട് ഏജൻസികളും ആരോപണം ഏറ്റെടുത്തിരുന്നില്ല. അവസാനത്തെ രഹസ്യമൊഴിയിലും ഇതേ സാഹചര്യമാണ്. ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ടാണ് രണ്ടുദിവസം സ്വപ്നയെ ഇഡി വിളിച്ചുവരുത്തിയത്. തെളിവുണ്ടെങ്കിലേ അന്വേഷണം നടത്താനാകൂ എന്ന് ഇഡി അറിയിച്ചതായാണ് വിവരം. ആരോപണം ഉന്നയിച്ച ഇവർ ഇപ്പോഴും കേസിലെ പ്രതികളാണ്, സാക്ഷികളല്ലെന്നും ഇഡി വ്യക്തമാക്കുന്നു.
സ്വർണക്കടത്ത് കേസിലും ഡോളർകടത്ത് കേസിലും സമാന രഹസ്യമൊഴികൾ സ്വപ്ന കസ്റ്റംസിന് നൽകിയിരുന്നു. അതിൽ കാര്യമായ അന്വേഷണം നടത്തിയതായും കസ്റ്റംസ് അന്വേഷകസംഘാംഗം വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് കെ ടി ജലീലിനെയും പി ശ്രീരാമകൃഷ്ണനെയും ചോദ്യം ചെയ്തത്.
മറ്റെന്തോ പ്രേരണയിലാണ് സ്വപ്ന ആരോപണങ്ങൾ ആവർത്തിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. അതുകൊണ്ടുതന്നെ പുതിയതെന്ന് അവകാശപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾക്കും രഹസ്യമൊഴിക്കും പിന്നാലെ പോകേണ്ടെന്നാണ് കസ്റ്റംസിന്റെയും എൻഐഎയുടെയും തീരുമാനം. അതേസമയം, ഡോളർകടത്ത് കേസിലെ സ്വപ്നയുടെ രഹസ്യമൊഴി കോടതിവഴി ഇഡിക്ക് നൽകുന്നതിനെ കസ്റ്റംസ് വ്യാഴാഴ്ച കോടതിയിൽ എതിർത്തു.
അന്വേഷണം പൂർത്തിയാക്കാത്തതിനാൽ മൊഴിപ്പകർപ്പ് നൽകരുതെന്ന് കസ്റ്റംസ് അഭിഭാഷകൻ ആവശ്യപ്പെട്ടു. മൊഴിയിലെ വിവരം വേണമെങ്കിൽ ഇഡിക്ക് നേരിട്ട് കസ്റ്റംസിനെ സമീപിക്കാമെന്നും വ്യക്തമാക്കി. കസ്റ്റംസിന്റെ വാദം കോടതി അംഗീകരിച്ചു. സ്വർണക്കടത്ത് കേസിലെ രഹസ്യമൊഴി ഇഡിക്ക് നൽകിയിരുന്നു.