ന്യൂഡൽഹി> അഗ്നിപഥ് പദ്ധതിക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നൽകി ഇടത് വിദ്യാർഥി– യുവജന പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗം. ഡൽഹിയിൽ ചേർന്ന യോഗത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐഎസ്എഫ്,എഐവൈഎഫ്, ആർവൈഎഫ്,എയ്സ, എഐഡിഎസ്ഒ, എഐഡിവൈഒ, ഐഎഎസ്പി, സിഎസ്യു തുടങ്ങി പന്ത്രണ്ട് സംഘടനകളാണ് പങ്കെടുത്തത്.
വൻ വിജയമായ കർഷക സമരത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് ജൂലൈ 29ന് സംയുക്ത പ്രക്ഷോഭം. അന്നേദിവസം ഡൽഹി ജന്തർ മന്ദിറിലും സംസ്ഥാന ജില്ലാ തലങ്ങളിലും നടക്കുന്ന സമരത്തിൽ ആയിരങ്ങൾ അണിനിരക്കും. രാജ്ഭവൻ,കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുന്നിലാണ് സംസ്ഥാന ജില്ലതലങ്ങളിൽ സമരം. ദീർഘകാലാടിസ്ഥാനത്തിൽ ആരംഭിക്കുന്ന സമരങ്ങൾക്ക് മുന്നോടിയായി സംസ്ഥാനങ്ങളിലും ജില്ലതലങ്ങളിലും ഉടൻ സംയുക്ത മുന്നണിക്കും രൂപം നൽകും.
ഗൃഹസന്ദർശനമടക്കം രാജ്യമാകെ വിപുലമായ പ്രചരണം സംഘടിപ്പിക്കുമെന്നും സൈനീക റിക്രൂട്ട്മെന്റിന് തയ്യറാറെടുത്ത് വഞ്ചിക്കപ്പെട്ടവർ, വിമുക്ത ഭടന്മാർ, മറ്റ് തൊഴിൽ തേടുന്നവർ എന്നിവരെയും സമരത്തിന്റെ ഭാഗമാക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി മാധ്യമങ്ങളോട് പറഞ്ഞു. സൈന്യത്തിൽ കരാർവൽക്കരണം നടപ്പാക്കുന്നത് മറ്റ് സേനകളിലേയ്ക്ക് വ്യാപിക്കാൻ കാരണമാകുമെന്നും രാജ്യസുരക്ഷ പോലും അപകടത്തിലാക്കുന്നതാണെന്നും അഗ്നിപഥ് ആർഎസ്എസിന്റെ ഗുഢപദ്ധതിയാണെന്നും റഹീം പറഞ്ഞു. കൂടുതൽ ഇടത് സംഘടനകളെയും സംയുക്ത പ്രക്ഷോഭത്തിന്റെ ഭാഗമാക്കും.