കോഴിക്കോട്> മുസ്ലിം വംശഹത്യക്കായി മുന്നൊരുക്കങ്ങൾ നടത്തുന്ന കടുത്ത ന്യൂനപക്ഷ വിരുദ്ധരായ ആർഎസ്എസിന്റെ വേദി പങ്കിടുകയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്ത മുൻ എംഎൽഎ കെഎൻഎ ഖാദറിന്റെ നടപടിയെക്കുറിച്ച് മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഐഎൻഎൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
കേസരി പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിൽ ആർഎസ്എസ് നേതാവ് ജെ നന്ദകുമാറിൽനിന്ന് പൊന്നാട സ്വീകരിച്ചുവെന്ന് മാത്രമല്ല ഖാദർ ഹിന്ദുത്വ ആശയഗതികളെ ന്യായീകരിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ നടത്തുകയുമുണ്ടായി. മുസ്ലിംകളുടെ കാവൽക്കാരായി സ്വയം ചമയുന്ന മുസ്ലിം ലീഗിന് ഇത്തരക്കാരുടെ മേൽ യാതൊരു നിയന്ത്രണവുമില്ല എന്നാണോ മനസ്സിലാക്കേണ്ടത്. അതല്ല, കോ.ലീ.ബി സഖ്യം സുദൃഢമാക്കാൻ ലീഗ് നേതൃത്വത്തിന്റെ അനുമതിയോടെയുള്ള പാലം പണിയലാണോയെന്നും വ്യക്തമാക്കേണ്ടതുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.