ന്യൂഡൽഹി> നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നത് 50 മണിക്കൂർ പിന്നിട്ടു. അഞ്ചാംദിവസമായ ചൊവ്വാഴ്ച ചോദ്യംചെയ്യൽ രാത്രിവൈകിയും തുടർന്നു. രാത്രി എട്ടിന് അരമണിക്കൂർ ഇടവേള അനുവദിച്ചശേഷമായിരുന്നു വീണ്ടും ചോദ്യചെയ്യൽ. പകൽ 11.15ഓടെയാണ് രാഹുൽ ഇഡി ഓഫീസിലെത്തിയത്. കഴിഞ്ഞ നാലുദിവസം 40 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ആശുപത്രിവിട്ട കോൺഗ്രസ്അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച ഹാജരാകാൻ സാധ്യതയില്ല. ഡോക്ടർമാർ സോണിയയ്ക്ക് വിശ്രമം നിർദേശിച്ചെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സോണിയ ഹാജരാകുന്നതുവരെ രാഹുലിന്റെ ചോദ്യംചെയ്യൽ നീട്ടാനാണ് ഇഡിയുടെ നീക്കം. അതിനുശേഷം അറസ്റ്റിലേക്ക് നീങ്ങുമെന്ന് കോൺഗ്രസ് നേതൃത്വം സംശയിക്കുന്നു. ഇഡിയുടെ നടപടിക്കെതിരെ കോൺഗ്രസ് ഡൽഹിയിൽ തുടരുന്ന പ്രതിഷേധത്തിൽ ചൊവ്വാഴ്ചയും സംഘർഷമുണ്ടായി.
കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപിമാരെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തു. എംപിമാരെയും നേതാക്കളെയും പൊലീസ് വലിച്ചിഴച്ച് ബസുകളിൽ കയറ്റി. ഡൽഹി അതിർത്തി സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി മണിക്കൂറുകൾക്കുശേഷം വിട്ടയച്ചു. എഐസിസി ഓഫീസിന് പുറത്ത് ബാരിക്കേഡുയർത്തിയതോടെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചോദ്യംചെയ്യൽ തുടർന്നാൽ വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎമാരും പ്രതിഷേധത്തിൽ അണിനിരക്കുമെന്ന് നേതാക്കൾ അറിയിച്ചു. കേരളത്തിൽ ഇഡി അനുകൂല നിലപാടുമായി മുന്നോട്ടുനീങ്ങുന്ന എംഎൽഎമാർ ഡൽഹിയിൽ പ്രതിഷേധത്തിനെത്തും.