ന്യൂഡൽഹി
വിമുക്ത ഭടൻമാർക്കുള്ള തൊഴിൽ സംവരണം പാലിക്കുന്നതിൽ മോദി സർക്കാർ വലിയ വീഴ്ച വരുത്തിയതായി കണക്കുകൾ. അഗ്നിപഥിനെതിരായ പ്രതിഷേധം തണുപ്പിക്കാൻ അഗ്നിവീറുകൾക്ക് കേന്ദ്ര സേനകളിലും പ്രതിരോധ മന്ത്രാലയത്തിലും മറ്റും 10 ശതമാനം തൊഴിൽ സംവരണം വാഗ്ദാനം ചെയ്തിരിക്കെ ഇരട്ടത്താപ്പ് ചർച്ചയായി. കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് ഡി, സി പോസ്റ്റുകളിൽ യഥാക്രമം 20, 10 ശതമാനമാണ് വിമുക്ത ഭടൻമാർക്കുള്ള സംവരണം. എന്നാൽ, ഗ്രൂപ്പ് സി തസ്തികകളിൽ വിമുക്ത ഭടൻമാരുടെ എണ്ണം വെറും 1.29 ശതമാനവും ഗ്രൂപ്പ് ഡി തസ്തികകളിൽ 2.66 ശതമാനവുംമാത്രം. 77 കേന്ദ്ര സർക്കാർ വകുപ്പിൽ 34 വകുപ്പ് മാത്രമാണ് കണക്കുകൾ കൈമാറിയിട്ടുള്ളത്.
കേന്ദ്ര സേനകളിലെ ഗ്രൂപ്പ് എ, ബി തസ്തികകളിലും വിമുക്ത ഭടൻമാർക്ക് 10 ശതമാനം സംവരണമുണ്ട്. 76,681 ഗ്രൂപ്പ് എ തസ്തികകളിൽ വിമുക്ത ഭടൻമാരുടെ എണ്ണം 2.2 ശതമാനംമാത്രം. 61,650 ഗ്രൂപ്പ് ബിയിൽ വെറും 0.87 ശതമാനം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗ്രൂപ്പ് സി തസ്തികകളിൽ വിമുക്ത ഭടൻമാർക്ക് 14.5 ശതമാനവും ഗ്രൂപ്പ് ഡി തസ്തികകളിൽ 24.5 ശതമാനവും സംവരണമുണ്ട്. എന്നാൽ യഥാക്രമം ഗ്രൂപ്പ് സി, ഡി തസ്തികകളിൽ 1.15 ശതമാനവും 0.3 ശതമാനവും മാത്രമാണ് വിമുക്ത ഭടൻമാരുടെ പ്രാതിനിധ്യം.