തിരുവനന്തപുരം> സൈനിക സേവനത്തെ കരാർവത്ക്കരിക്കുന്ന കേന്ദ്ര സര്ക്കാരിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിന് എതിരെ കേരളത്തിലും പ്രതിഷേധം ശക്തം. തലസ്ഥാനമായ തിരുവനന്തപുരത്തും കോഴിക്കോടുമാണ് പ്രതിഷേധം നടക്കുന്നത്. ആയിരത്തോളം ഉദ്യോഗാര്ത്ഥികളാണ് പ്രതിഷേധത്തില് പങ്കെടുക്കുന്നത്. തിരുവനന്തപുരം തമ്പാനൂരില് നിന്ന് ഗവര്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് യുവാക്കൾ പ്രതിഷേധ മാര്ച്ച് നടത്തി.
‘അഗ്നിപഥ്’ സ്കീം എത്രയും പെട്ടെന്ന് പിന്വലിക്കണം, ആര്മി കംബൈന്ഡ് എന്ട്രന്സ് എക്സാമിനേഷന് എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാര്ത്ഥികളുടെ ആവശ്യം.
സൈന്യത്തിലേക്കുള്ള എഴുത്ത് പരീക്ഷക്കായി കാത്തിരുന്ന ഉദ്യോഗാര്ത്ഥികളാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ രണ്ട് വര്ഷമായി കോവിഡിനെ തുടര്ന്ന് ആര്മി റിക്രൂട്ട്മെന്റുകള് മരവിപ്പിച്ചിരിക്കുകയായിരുന്നു. സൈനിക റിക്രൂട്ട്മെന്റ് റാലികള് പലതും നടന്നിരുന്നെങ്കിലും, നിയമനം നടന്നില്ല. ഈ റാലികളില് പങ്കെടുത്തവരും ഫിസിക്കലും മെഡിക്കലുമായ എല്ലാ പരീക്ഷകളും പാസ്സായ ഉദ്യോഗാര്ത്ഥികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിഷേധത്തെ തുടര്ന്ന് കേരളത്തിലേയ്ക്കുളള രണ്ട് ട്രെയിനുകള് കൂടി റദ്ദാക്കി. നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ് തിരുവനന്തപുരം സെന്ട്രല് ശബരി എക്സ്പ്രസ്, 20 ന് പുറപ്പെടേണ്ട എറണാകുളം പട്ന ബൈ വീക്കലി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.