ആംസ്റ്റെൽവീൻ
ഏകദിന ക്രിക്കറ്റിലെ റെക്കോഡുകളെ കടപുഴക്കി ഇംഗ്ലണ്ടിന്റെ റൺകൊയ്ത്ത്. നെതർലൻഡ്സുമായുള്ള ഏകദിന മത്സരത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 498 റണ്ണാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. ഓസ്ട്രേലിയക്കെതിരെ 2018ൽ ഇംഗ്ലണ്ടിന്റെതന്നെ 481 റണ്ണെന്ന റെക്കോഡാണ് മറികടന്നത്.
70 പന്തിൽ പുറത്താകാതെ 162 റണ്ണടിച്ച ബട്-ലറായിരുന്നു നെതർലൻഡ്സിനെ കശാപ്പ് ചെയ്യുന്നതിൽ മുമ്പിൽ. 14 സിക്സറും ഏഴ് ഫോറും പായിച്ചു. 47 പന്തിലായിരുന്നു സെഞ്ചുറി. 64 പന്തിൽ 150 കടന്നു. ദക്ഷിണാഫ്ര-ിക്കൻ താരം എ ബി ഡി വില്ലിയേഴ്സിനെക്കാൾ ഒരുപന്ത് കൂടുതൽ. ഡി വില്ലിയേഴ്സിന്റെ പേരിൽതന്നെയാണ് സെഞ്ചുറി, അരസെഞ്ചുറി റെക്കോഡുകൾ. ബട്-ലറിന്റെ സിക്സറുകൾ പലതും മെെതാനത്തിന് പുറത്തെ കാട്ടിലാണ് ചെന്നുപതിച്ചത്.
മൂന്നുപേർ സെഞ്ചുറിയടിച്ചപ്പോൾ 26 സിക്സറും 36 ഫോറുമാണ് പറന്നത്. ലിയാം ലിവിങ്സ്റ്റണായിരുന്നു ഇംഗ്ലണ്ട് നിരയിൽ മറ്റൊരു വെടിക്കെട്ട് തീർത്തത്. 22 പന്തിൽ 66 റണ്ണുമായി പുറത്താകാതെനിന്ന ലിവിങ്സ്റ്റൺ ആറുവീതം സിക്സറും ഫോറും പായിച്ചു. 17 പന്തിൽ അരസെഞ്ചുറി കുറിച്ചു. വേഗമേറിയ രണ്ടാമത്തെ അരസെഞ്ചുറി. ഡി വില്ലിയേഴ്സ് 16 പന്തിലാണ് നേട്ടംകുറിച്ചത്.
ഫിൽ സാൾട്ട് (93 പന്തിൽ 122), ഡേവിഡ് മലാൻ (109 പന്തിൽ 125) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് സെഞ്ചുറിക്കാർ. ബട്-ലറെ സ്കോർ 37ൽവച്ച് മൂസ അഹമ്മദ് വിട്ടുകളഞ്ഞതിന് നെതർലൻഡ്സിന് കനത്തവില നൽകേണ്ടിവന്നു. 30–-ാം ഓവറിലാണ് ഈ വിക്കറ്റ് കീപ്പർ ക്രീസിലെത്തിയത്. 27 പന്തിലായിരുന്നു അരസെഞ്ചുറി. പിന്നെ തകർത്തടിച്ചു. മത്സരത്തിൽ 232 റണ്ണിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നെതർലൻഡ്സ് 266ന് പുറത്തായി.