ന്യൂഡൽഹി> രാജ്യരക്ഷാ സൈന്യങ്ങളുടെ ഘടനയിലും ശേഷിയിലും ദൂരവ്യാപക പ്രത്യാഘാതം വരുത്തിവെയ്ക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ ഉന്നത ഉദ്യോഗസ്ഥർ. റിട്ട. മേജർ ജനറലും ദേശീയ മാധ്യമങ്ങളിൽ ബിജെപിയുടെ മുഖവുമായ എസ് എം ഭക്ഷി, റിട്ട. മേജർ ജനറൽ ഹർഷ കാഖർ, സിബിഐ മുൻ ഡയറക്ടർ എം നാഗേശ്വര റാവു എന്നിവർ കടുത്ത ഭാഷയിലാണ് കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ചത്.
‘അഗ്നിവീർ പദ്ധതിയെപ്പറ്റി കേട്ടപ്പോൾ ഞെട്ടലുണ്ടായി. പണത്തിന്റെ പേരിൽ നമ്മൾ ഇതുവരെ നിർമിച്ചെടുത്തത് നശിപ്പിക്കരുത്. യുവത്വവും പരിചയസമ്പത്തും സേനകൾക്ക് ഒരേപോലെ ആവശ്യമുണ്ട്. നാലുവർഷത്തെ സേവനം അപകടം പിടിച്ചതാണെന്നും റഷ്യയിൽ നിന്ന് പാഠമുൾക്കൊള്ളണമെന്നും’ ഭക്ഷി പറഞ്ഞു. പെൻഷൻ ,സാമൂഹ്യ സുരക്ഷ തുടങ്ങിയവയില്ലാതാകുന്നതിൽ ആശങ്കയറിയിച്ച് സൈനീക റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുന്ന ഉദ്യോഗാർഥിയുടെ വീഡിയോ സന്ദേശമാണ് ഹർഷ കാഖർ പങ്കുവെച്ചത്.
അഗ്നിപഥിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് ഇതാണെന്നും ഒരു ഗെയിം ചേഞ്ചർ എന്ന നിലയിൽ ഇതിനെ പിന്തുണയ്ക്കുന്നവർ വീഡിയോ കാണണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അപകടകരമായ പദ്ധതി പുന:പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മുതൽ അഞ്ചുവർഷം വരെയുള്ള സൈനീക സേവനം അമേരിക്കൻ ഉൽപ്പന്നമാണെന്നും അത് നടപ്പാക്കിയ ശേഷം അവർ ഒരു യുദ്ധവും വിജയിച്ചിട്ടില്ലന്നും നാഗേശ്വരറാവു പറഞ്ഞു. അഗ്നിപഥ് ദുരന്തമാകുമെന്നും റാവു വിമർശിച്ചു.