ഹൈദരാബാദ്> സൈന്യത്തിലേക്ക് താല്‍ക്കാലിക റിക്രൂട്ട്മെന്റിന് വഴിയൊരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നു.സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്റെ ഒന്ന് മുതല്‍ 10 വരെയുള്ള പ്ലാറ്റ്ഫോം പ്രതിഷേധക്കാര്‍ ആക്രമിച്ചു. ട്രാക്ക് ഉപരോധിച്ച പ്രതിഷേധക്കാര്‍ വന്‍ നാശനഷ്ടമാണ് ഇവിടെയുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം,സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചുവെന്നും 15 പേര്‍ക്ക് പരിക്കേറ്റുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല.
റെയില്‍വേ സ്റ്റേഷന്റെ പുറത്തേക്കും പ്രതിഷേധം വ്യാപിക്കുന്നുണ്ട്. ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഹൈദരാബാദ് നഗരത്തില്‍ വ്യാപക പ്രതിഷേധത്തിന് സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിച്ചു.റെയില്‍വെ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
200 ട്രെയിനുകളെ പ്രതിഷേധം ബാധിച്ചതായി റെയില്‍വേ അറിയിച്ചു. 35 ട്രെയിനുകള്‍ പൂര്‍ണമായും 13 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ബിഹാര്‍, ജാര്‍ഖണ്ഡ്, യുപി സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് പ്രതിഷേധം ഏറ്റവുമധികം ബാധിച്ചത്. ഇതുവരെ എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.