കോഴിക്കോട്> പോസ്റ്റ്മോർട്ടം സൗകര്യമുള്ള മറ്റ് ആശുപത്രികളിൽ നിന്ന് മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് അയക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വയനാട്, ബീച്ച്, വടകര, കൊയിലാണ്ടി തുടങ്ങിയ സ്ഥലത്തെ ആശുപത്രികളിൽ നിന്ന് ദിവസേന മൂന്നോ നാലോ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് അയക്കുന്നത് ഇവിടെ തിരക്ക് കൂടുന്നതിന് ഇടയാക്കുന്നു.
കിലോമീറ്ററുകൾ താണ്ടി പോസ്റ്റ്മോമോർട്ടത്തിനു വരേണ്ട അവസ്ഥ ഒഴിവാക്കാനും മെഡിക്കൽ കോളേജ് മോർച്ചറിയിലെ തിരക്ക് കുറക്കാനുമാണ് സർക്കാർ പോസ്റ്റുമോർട്ടത്തിനുള്ള ഓട്ടോപ്സി മേശ, ഫ്രീസിങ് യൂണിറ്റ് തുടങ്ങിയവ മറ്റ് ആശുപത്രികളിൽ അനുവദിച്ചത്. ദുരൂഹതയോ സംശയാസ്പപദമോ അല്ലാത്ത മരണത്തിൽ അതത് ആശുപത്രികളിൽ പോസ്റ്റുമോർട്ടം നടത്താനായിരുന്നു ഈ സൗകര്യം.
മെഡിക്കൽ കോളേജ് മോർച്ചറിയിൽ ജീവനക്കാരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. ഓരോ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ടെക്നിക്കൽ അസിസ്റ്റന്റ് ഏഴ് വേണ്ടിടത്ത് അഞ്ചുപേർ മാത്രമേയുള്ളു. ഒരു അറ്റൻഡർ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. മുമ്പ് 19 ഡോക്ടർമാർവരെ സേവനമനുഷ്ഠിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ആറ് പേരാണുള്ളത്. മോർച്ചറിയിൽ ഏറ്റവുമധികം ആവശ്യമുള്ള ശുചീകരണത്തിന് ഒരാൾ മാത്രമാണുള്ളത്.