ന്യൂഡൽഹി
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടര്ച്ചയായിമൂന്നുദിവസം 30 മണിക്കൂറിലേറെ ചോദ്യംചെയ്യലിന് വിധേയനായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്നു.
വിശദീകരിക്കാനാകാത്ത സാമ്പത്തികഇടപാടും ഓഹരിക്കൈമാറ്റവുമുണ്ടായെന്ന് ഇഡിക്ക് തെളിയിക്കാനായാല്‍ സോണിയയ്ക്കും രാഹുലിനും കുരുക്ക് മുറുകും. സോണിയയെ ചോദ്യം ചെയ്താലുടന്‍ രാഹുലിന്റെ അറസ്റ്റുണ്ടാകുമെന്ന പ്രചാരണം ശക്തമായതോടെ കോൺഗ്രസ് നേതൃത്വം അങ്കലാപ്പില്‍. മൂന്നാംദിനത്തെ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ച രാഹുലിനോട് ഇനി വെള്ളിയാഴ്ച ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചു. അന്വേഷണം അവസാനഘട്ടത്തിലെന്ന് ഇഡി സൂചന നല്കി. കുറ്റപത്രം ഉടൻ സമർപ്പിക്കക്കും.
ചോദ്യംചെയ്യലുകൾക്ക് ഒടുവിൽ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് എഐസിസി ആസ്ഥാനത്തുനിന്ന് കേരളത്തിലെ പ്രമുഖ നേതാക്കൾക്ക് ഉൾപ്പെടെ സന്ദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ‘ഉടൻ അറസ്റ്റുണ്ടാകും’ –- എന്ന രീതിയിൽ കേരളത്തിലെ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകി.
കേന്ദ്ര അന്വേഷണ ഏജൻസിയുടെ വേട്ടയ്ക്കെതിരായ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി ശക്തമാക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാജ്ഭവനുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. രണ്ട് കോൺഗ്രസ് മുഖ്യമന്ത്രിമാരും നിരവധി എംപിമാരും മുതിർന്നനേതാക്കളും ഡൽഹിയിലുണ്ട്. കൂടുതൽ നേതാക്കളും പ്രവർത്തകരും ഡൽഹിയിലേക്ക് എത്താൻ നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച എഐസിസി ഓഫീസിലേക്ക് ഇരച്ചുകയറി പൊലീസ് പ്രവർത്തകരെ മർദിച്ചതിന് എതിരെയാണ് പ്രതിഷേധമെന്നാണ് വിശദീകരണം.
അതേസമയം, ചോദ്യം ചെയ്യൽ വിവരങ്ങൾ ചോർത്തിനൽകുകയാണെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ധനമന്ത്രി നിർമല സീതാരാമനും നിയമമന്ത്രി കിരൺറിജിജുവിനും കോൺഗ്രസ് വക്കീൽനോട്ടീസ് അയച്ചു. കേരളത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴിയെന്ന പേരിൽ പ്രചരിക്കുന്നവ ആഘോഷിക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ ഇരട്ടത്താപ്പ്.
മൂന്നാംദിനം രാഹുലിനെ ഇഡി സംഘം പത്തു മണിക്കൂര്‍ ചോദ്യംചെയ്തു. യങ് ഇന്ത്യൻ ലിമിറ്റഡ് ഏതെങ്കിലും രീതിയിലുള്ള വരുമാനമില്ലാത്ത സന്നദ്ധസംഘടനയാണെന്ന രാഹുലിന്റെ വാദം അന്വേഷകസംഘം തള്ളി. 2010 മുതൽ ഈ സംഘടന ഒരുതരത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കേസ് ഇങ്ങനെ
നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാനഓഹരിഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ് (വൈഐഎൽ) കമ്പനി 2010ൽ 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തതിലാണ് അന്വേഷണം.
2000 കോടിയുടെ ആസ്തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് ഏറ്റെടുത്തത്. ബിജെപി നേതാവ് സുബ്രഹ്മണ്യൻസ്വാമിയാണ് 2013ൽ പരാതി നൽകിയത്. മുടങ്ങിപ്പോയ നാഷണൽ ഹെറാൾഡ് പത്രം പുനരാരംഭിക്കുന്നതിന് കോൺഗ്രസ് 90 കോടിയുടെ പലിശരഹിത വായ്പ എജെഎല്ലിന് അനുവദിച്ചത് നിയമവിരുദ്ധമാണെന്നുമാണ് പരാതി.