കൊച്ചി> നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവന്റെ അമ്മ ശ്യാമളയെയും അച്ഛൻ മാധവനെയും ദിലീപിന്റെ സഹോദരി സബിതയെയും ചോദ്യം ചെയ്തു. കേസിലെ പ്രതി ടി എൻ സുരാജിന്റെ ഭാര്യയാണ് സബിത. ഇരുവർക്കും നോട്ടീസ് നൽകിയശേഷമാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം ബുധനാഴ്ച ചോദ്യം ചെയ്തത്. ആലുവയിലെ പത്മസരോവരം വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ.
സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ സേവനദാതാക്കളിൽനിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാർഡ് എടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളിൽ വിശദീകരണം തേടാനാണ് അവരെ ചോദ്യം ചെയ്തത്.
ദിലീപുമായുള്ള വിവാഹത്തിനുമുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രി രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ഈ നമ്പർ കാവ്യയുടേതാണെന്നുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. കാവ്യക്ക് കേസിൽ പങ്കുള്ളതായി സുരാജ്, ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരോട് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് പറയാൻ ഇടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്. കാവ്യ മാധവൻ, സുരാജ്, ദിലീപിന്റെ സഹോദരൻ അനൂപ് എന്നിവരെയും ഉടൻ ചോദ്യം ചെയ്യും.