ന്യൂഡൽഹി> നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചയ്യുന്നത് തുടരുകയാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ഉത്തരങ്ങളിൽ വ്യക്തയില്ലെന്നും രാഹുലിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പത്തുമണിക്കൂറാണ് ചോദ്യം ചെയ്തത്. തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനാൽ ഇന്ന് വീണ്ടും ചൊദ്യംചെയ്യുകയാണെന്നാണ് ഇ ഡി വൃത്തങ്ങൾ പറയുന്നത്. ഇഡി അസിസ്റ്റൻറ് ഡയറക്ടറുടെ നേതൃ്ത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മഹിളാ കോൺഗ്രസ് പ്രവർത്തകരെയടക്കം പൊലീസ് ബലമായി അറസ്റ്റ് ചെയ്തുനീക്കി. കോൺഗ്രസ് നേതൃത്വത്തെ കേന്ദ്ര എജൻസികൾ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധിക്കുന്നത്.
കേസ് ഇങ്ങനെ
നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാനഓഹരിഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ് (വൈഐഎൽ) കമ്പനി 2010ൽ 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തതിലാണ് അന്വേഷണം.
2000 കോടിയുടെ ആസ്തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് ഏറ്റെടുത്തത്. ബിജെപി നേതാവ് സുബ്രഹ്മണ്യൻസ്വാമിയാണ് 2013ൽ പരാതി നൽകിയത്. മുടങ്ങിപ്പോയ നാഷണൽ ഹെറാൾഡ് പത്രം പുനരാരംഭിക്കുന്നതിന് കോൺഗ്രസ് 90 കോടിയുടെ പലിശരഹിത വായ്പ എജെഎല്ലിന് അനുവദിച്ചത് നിയമവിരുദ്ധമാണെന്നുമാണ് പരാതി.