തിരുവനന്തപുരം> മാധ്യമ പ്രവർത്തനത്തിലും സാമാന്യ മര്യാദതയും ധാർമ്മികതയും പുലർത്താനാകണമെന്ന് എൽഡിഎഫ് കാൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മൂന്നു മാധ്യമ പ്രവർത്തകർക്ക് കറുത്ത മാസ്ക്ക് ധരിച്ചുതന്നെ മുഖ്യമന്ത്രിയുടെ പരിപാടിക്കുപോകണമെന്ന് വാശിയുണ്ടായി. മാധ്യമ പ്രവർത്തകർ ജോലിക്കിടയിൽ രാഷ്ട്രീയത്തിന്റെ ഭാഗമാകരുത്. അവർക്ക് പൊതുസമുഹം ചില മാന്യതകൾ കൽപ്പിച്ചിട്ടുണ്ട്.
കണ്ണൂരിലെ ഈ മാധ്യമ പ്രവർത്തകർ ശരിയായ മര്യാദ കാട്ടിയില്ല. മാധ്യമ പ്രവർത്തകർ പ്രതിഷേധക്കാരുടെ കൂട്ടത്തിൽ ചേർന്ന് അതിന്റെ ഭാഗമാകുന്നു. ഇത്തരം വാശി പാടില്ല. ഒരു ഭാഗത്ത് രാഷ്ട്രീയ ഇടപെടലിനുള്ള വാശി കാട്ടുമ്പോൾ മറുഭാഗത്തും അതുതന്നെയുണ്ടാകാനുള്ള സാധ്യത കാണാതിരിക്കരുത്. പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ മുഖാമുഖം പരിപാടിയിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ പി.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനത്തിനകത്തെത്താൻ അക്രമികൾ വൻതുക കൊടുത്ത് ടിക്കറ്റ് സമ്പാദിക്കുന്നു. അകത്തുകടന്ന് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ചട്ടംകൂട്ടുന്നു. ശ്രമം പാളിയതിനാൽ മുഖ്യമന്ത്രി രക്ഷപ്പെടുന്നു. ഇത് തുറന്നുകാട്ടാൻ മാധ്യമങ്ങൾ തയ്യാറാകണം. മാധ്യമങ്ങളുടെ നടത്തിപ്പുകാർക്ക് രാഷ്ട്രീയം ഉണ്ടാകാം. ആ രാഷ്ട്രീയ വിരോധംവച്ച് ഇത്തരം ഗൗരവമുള്ള കാര്യങ്ങളെ നിസാരമായി കാണാൻ ശ്രമിക്കരുത്. അപലപിക്കേണ്ടതിനെ അപലപിക്കാൻ മാധ്യമങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും ഇ പി പറഞ്ഞു.