തിരുവനന്തപുരം> പ്രതിപക്ഷ സമരങ്ങൾ വികസനങ്ങൾ അട്ടിമറിക്കാനാണെന്നും വികസനം മുടക്കാനുള്ള രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം രാഷ്ട്രീയ സമരങ്ങളെ രാഷ്ടീയമായി നേരിടണമെന്നും ഇഎംഎസ് അക്കാദമിയിൽ നടന്ന നവകേരളം സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒട്ടേറെ ശ്രമങ്ങൾ നടക്കുന്നു. ജനങ്ങളെ തന്നെ അതിനെതിരായി അണിനിരത്താണും പ്രതിരോധിക്കാനും കഴിയേണ്ടതുണ്ട്. അതോടൊപ്പം മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാടിന്റെ വികസനത്തിന് പല കാര്യങ്ങളിലും യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. സഹകരണമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും വികസന പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉണ്ടാകണം. കാർഷിക മേഖലയും വിദ്യാഭ്യാസമേഖലയും ഉയർന്ന തലങ്ങളിലേക്ക് വളരണം. ടൂറിസവും ഐടി മേഖലയും വികസിക്കണം. അതിനെല്ലാം നിക്ഷേപങ്ങൾ നല്ല തോതിൽ സംഘടിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.