പുത്തനത്താണി (മലപ്പുറം) > കറുത്ത കുപ്പായമിട്ട് 50 യുവതീ യുവാക്കൾ. ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിൽ പ്രതിനിധികളെ സ്വീകരിക്കാനും രജിസ്ട്രേഷൻ കൗണ്ടറിലും ഭക്ഷണപ്പുരയിലും ഓഡിറ്റോറിയത്തിനുള്ളിലും എല്ലാം ചുറുചുറുക്കോടെ അവരുണ്ടായിരുന്നു. ഇടയ്ക്ക് തിരക്കുനിയന്ത്രിക്കാൻ റെഡ് വളന്റിയർമാർക്കൊപ്പവും കറുത്ത കുപ്പായക്കാർ നിരന്നു. മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രത്തിനും കറുത്ത മാസ്കിനും വിലക്ക് എന്ന മാധ്യമ കുപ്രചാരണത്തെ പൊളിച്ചടുക്കുകയായിരുന്നു ഈ യുവസംഘം.
ഡിവൈഎഫ്ഐ വളാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് ടി പി ജംഷീറിന്റെയും എസ്എഫ്ഐ ഏരിയാ സെക്രട്ടറി എം സുജിന്റെയും നേതൃത്വത്തിലാണ് വളന്റിയർ പട. 25 വീതം യുവാക്കളും യുവതികളുമാണ് സംഘത്തിൽ. മുഖ്യമന്ത്രിയുടെ ചടങ്ങിൽ കറുത്ത വസ്ത്രം പാടില്ലെന്ന് ആരു പറഞ്ഞെന്ന് ഇവർ ചോദിക്കുന്നു. ‘കറുത്ത വേഷത്തിൽതന്നെയാണ് ഹാളിലും എല്ലായിടത്തും നിന്നത്. പൊലീസ് വിലക്കിയിട്ടില്ല.
കറുത്ത വസ്ത്രമണിഞ്ഞ പൊലീസുകാർ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലുമുണ്ടല്ലോ’–- വളന്റിയർമാരായ ജിഷ്യയും ഭാഗ്യലക്ഷ്മിയും പറഞ്ഞു. ‘ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു പച്ചക്കള്ളമാണെന്ന് മനസ്സിലായി’–- റംസിയക്കു പറയാനുണ്ടായിരുന്നത് ഇതായിരുന്നു. കറുത്ത യൂണിഫോം എന്നത് നേരത്തെ തീരുമാനിച്ചതാണ്. ടീഷർട്ടിൽ ഇ എം എസിന്റെ ലോകം–- ദേശീയ സെമിനാർ എന്ന് എഴുതിയിട്ടുമുണ്ടെന്ന്- ജംഷീർ പറഞ്ഞു.