കൂറ്റനാട് > പടിഞ്ഞാറങ്ങാടി കല്ലടത്തൂരില്‍ നീന്തല്‍ പഠിക്കുന്നതിനിടയില്‍ രണ്ടുകുട്ടികൾ മുങ്ങി മരിച്ചു. പട്ടിത്തറ ഒതളൂര്‍ അരിക്കാട് പുളിഞ്ചോട്ടില്‍ തേവര് പറമ്പില്‍ ശിവന്റെ മകന് ജഗന് (17), കൊമ്മാത്ര വളപ്പില്‍ സുകുമാരന്റെ മകന് സായൂജ് (16) എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ്. ഞായറാഴ്ച പകൽ രണ്ടോടെ കപ്പൂര്‍ കല്ലടത്തൂര്‍ വലിയത്രകുളത്തിലാണ് അപകടമുണ്ടായത്.
രാവിലെ കുമരനല്ലൂര്‍ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കാനായി പോയി തിരിച്ച് വരുമ്പോഴാണ് കുളത്തിലിറങ്ങിയത്. എട്ട് പേരടങ്ങുന്ന സംഘത്തില്‍ രണ്ടുപേര്‍ നീന്തുന്നതിനിടയിൽ കുളത്തിലെ ചണ്ടിയില്‍ കുരുങ്ങുകയായിരുന്നു. കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരും താഴ്ന്ന് പോയി. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. പട്ടാമ്പിയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തുമ്പോഴേയ്ക്കും നാട്ടുകാര്‍ മൃതദേഹങ്ങൾ കരക്കെത്തിച്ചിരുന്നു.
മൃതദേഹങ്ങൾ എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്ച് രാവിലെ 10ന് പട്ടാമ്പി ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും. ജഗന്റെ അമ്മ: സുമിഷ. സഹോദരങ്ങള്‍: സ്നേഹന്‍, ദായാല്‍. സായൂജിന്റെ അമ്മ: പ്രീന. സഹോദരി സുപ്രിയ.