പുത്തനത്താണി (മലപ്പുറം) > മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനാണ് ആർഎസ്എസ് നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നിട്ട് ഒരു വിഭാഗത്തിന്റെ കൂടെ ഇതാ ഞങ്ങളുണ്ട് എന്ന ചിത്രമുണ്ടാക്കുകയാണ്. കേരളത്തിന്റെ സാചര്യത്തിൽ ഇത് സംഘപരിവാർ നല്ലതുപോലെ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.-‘ ഇ എം എസിന്റെ ലോകം’ ദേശീയസെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാഹചര്യത്തിൽ ഒരുകൂട്ടരോട് നിങ്ങളുടെകൂടെ ഞങ്ങളുണ്ട് എന്ന് സംഘപരിവാർ പറയാൻ കാരണമുണ്ട്. സംഘപരിവാറിന്റെ അജണ്ടയെ ജീവൻ കൊടുത്തും പ്രതിരോധിക്കാൻ ഇവിടെ ഇടതുപക്ഷമുണ്ട്. എന്നാൽ തൊട്ടപ്പുറത്ത് കർണാടകത്തിൽ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. ഒരു ന്യൂനപക്ഷ വിഭാഗത്തെയും ഇവർ സംരക്ഷിക്കുന്നില്ല. അറക്കാൻ കൊണ്ടുപോകുന്ന ആടിന് പ്ലാവില കാണിച്ചുകൊടുത്ത് പിന്നാലെ നടത്തിക്കുന്നതുപോലെയാണ് ‘ഞങ്ങൾ കൂടെയുണ്ട്’ എന്ന സംഘപരിവാർ പ്രചാരണമെന്ന് അതിൽ കുടുങ്ങിപ്പോയവർ മനസ്സിലാക്കണം. ഏറ്റുമുട്ടലുണ്ടാക്കി നേട്ടമുണ്ടാക്കാൻ കഴിയുമോ എന്നാണ് അവരുടെ നോട്ടം. കേരളത്തിനുപുറത്ത് സ്വാധീനം പെരുപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് പറയുന്ന സംഘപരിവാറിന് ഇവിടെ ജനകീയ അടിത്തറ കുറഞ്ഞുകുറഞ്ഞു പോവുകയാണ്. അതുമെച്ചപ്പെടുത്താൻ ചിലരുടെ സഹായം കിട്ടുമോ എന്നാണ് നോക്കുന്നത്.
വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ മതവിശ്വാസികൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. മതവിശ്വാസവും വർഗീയതയും രണ്ടും രണ്ടാണ്. സമൂഹത്തിൽ ഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിക്കാരാണ്. രാജ്യത്ത് വർഗീയത പെരുപ്പിക്കാൻ അതിവിപുലമായ നിലയിലാണ് സംഘപരിവാർ ശ്രമം. അതിന്റെ കഷ്ടനഷ്ടങ്ങൾക്കിരയായവർ ഏറെയാണ്. ഇത്തരം സാഹചര്യത്തിൽ തങ്ങൾക്കും വർഗീയമായി സംഘടിച്ച് ഇവരെ നേരിട്ടുകൂടെ എന്ന് ന്യൂനപക്ഷ വിഭാഗത്തിലെ ചിലർ ചിന്തിക്കുന്നു. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയത സന്നാഹങ്ങളൊരുക്കുന്നു.
ഞങ്ങളുടെ കൂട്ടരെ ഞങ്ങൾക്ക് സംരക്ഷിക്കാനാകും എന്ന ചിന്ത ആത്മഹത്യാപരമാണ്. ന്യൂനപക്ഷ സംരക്ഷണം ന്യൂനപക്ഷം പ്രത്യേകമായി സംഘടിച്ച് വർഗീയമായി മാറിനിന്ന് ഉറപ്പുവരുത്താനാകുന്നതല്ല. കൃത്യമായ തിരിച്ചറിവു വേണം. വർഗീയതയെ നേരിടുന്നതും ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുന്നതും മതനിരപേക്ഷതയുടെ ഭാഗമാണ്. ജനാധിപത്യ, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗമായി മാത്രമേ വർഗീയതയെ ഒറ്റപ്പെടുത്താനാകൂ. എല്ലാ വർഗീയതയെയും എതിർക്കണം. മതനിരപേക്ഷരാണെന്ന് അവകാശപ്പെടുന്ന ചിലർ രണ്ടുവർഗീയതയെയും ഒപ്പംകൂട്ടി ഒന്നിച്ചുനീങ്ങുകയാണ്. താൽകാലിക ലാഭത്തിനുവേണ്ടിയുള്ള ഈ നയം അപകടകരമാണ്. വർഗീയതയുടെ അടയാളങ്ങൾ അണിഞ്ഞാണ് ചിലർ അതിനെ നേരിടാനിറങ്ങുന്നത്. അത് ഏശില്ല – പിണറായി പറഞ്ഞു.