കൊച്ചി > സ്വർണക്കടത്തുകേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന് ബിജെപി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡിയുടെ രാഷ്ട്രീയ പകപോക്കലിൽ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം.
ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്ന നടത്തിയത്. എന്നിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ല. ബിജെപിയുമായുള്ള രഹസ്യധാരണയാണ് കാരണം. കേസ് ഒത്തുതീർക്കാനാണ് ശ്രമം. അങ്ങനെയെങ്കിൽ യുഡിഎഫ് നിയമവഴി സ്വീകരിക്കുമെന്നും വി ഡി സതീശൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇഡിയുടെ കോഴിക്കോട്, കൊച്ചി ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് മാർച്ച് നടത്താനിരിക്കെയാണ് സതീശൻ ഇരട്ടനിലപാടുമായി രംഗത്തെത്തിയത്. കൊച്ചിയിലെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതും വി ഡി സതീശനാണ്. കോഴിക്കോട് ഉദ്ഘാടനം രമേശ് ചെന്നിത്തലയും. ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന്റെ ബാക്കിപത്രമാണ് നാഷണല് ഹെറാള്ഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുല് ഗാന്ധിക്കും എതിരായ കേന്ദ്ര നടപടിയെന്ന് കെപിസിസി അധ്യക്ഷന് കെ സുധാകരനും പറഞ്ഞു. എന്നാൽ കേരളത്തിൽ കേന്ദ്ര ഏജൻസികളോട് ചേർന്നാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഏജൻസികൾ എത്ര കാമ്പില്ലാത്ത ആരോപണം കൊണ്ടുവന്നാലും പിന്തുണയ്ക്കുകയാണ് സതീശനും സുധാകരനുമടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ സമീപനം.