തിരുവനന്തപുരം
സ്വർണക്കടത്ത് കേസിലെ പ്രതിയുടെ ആരോപണം ഏറ്റുപിടിച്ച് നാട്ടിൽ കലാപമുണ്ടാക്കാനുള്ള പ്രതിപക്ഷ ശ്രമം തുടരുന്നു. പൊലീസിനെ ആക്രമിച്ച് നാട്ടിൽ അക്രമം പടർത്താനാണ് നീക്കം. കൊച്ചിയിലും കൊല്ലത്തും കോട്ടയത്തുമെല്ലാം പ്രവർത്തകർ അഴിഞ്ഞാടി. പ്രതിപക്ഷ നേതാവിന്റെയും മുൻ ആഭ്യന്തര മന്ത്രിയുടെയും നേതൃത്വത്തിലായിരുന്നു അക്രമം. പൊലീസിന്റെ സംയമനമാണ് ഗൂഢനീക്കം പൊളിച്ചത്.
ഡിസിസികളുടെ സെക്രട്ടറിയറ്റ്, കലക്ടറേറ്റ് മാർച്ചിൽ പൊലീസിനെ ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കെപിസിസി പ്രസിഡന്റിന് നോട്ടീസ് നൽകി. ഇതോടെ സുധാകരൻ മാറിനിന്നു. എന്നാൽ, മറ്റ് നേതാക്കളുടെ നേതൃത്വത്തിൽ അക്രമം അരങ്ങേറി.
കൊച്ചിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ പൊലീസിനെ കല്ലെറിഞ്ഞു. കോട്ടയത്ത് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. പൊലീസ് വാഹനങ്ങൾക്കും കലക്ടറേറ്റിലേക്കും കല്ലെറിഞ്ഞു. ബാരിക്കേഡിൽ കയറിയപ്പോൾ പ്രവർത്തകന്റെ കൈമുറിഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു അക്രമം. കൊല്ലത്തും പൊലീസിനെ ആക്രമിച്ചു. കൊല്ലം ഈസ്റ്റ് എസ്ഐക്ക് പരിക്കേറ്റു.
തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിലും സംഘർഷത്തിന് കോപ്പുകൂട്ടി. ബാരിക്കേഡ് തള്ളിമറിച്ചും പൊലീസിനെ ആക്രമിച്ചും ലാത്തിച്ചാർജിനായിരുന്നു ശ്രമം. പൊലീസ് അതീവ സംയമനം പാലിച്ചതോടെയാണ് പദ്ധതി പാളിയത്. കോഴിക്കോടും കണ്ണൂരും മലപ്പുറത്തുമെല്ലാം ജലപീരങ്കി പ്രയോഗിച്ചാണ് അക്രമികളെ പിരിച്ചുവിട്ടത്.
ഉരുളിയേറുകാരന് മാധ്യമങ്ങളുടെ ‘കരുതൽ’
പൊലീസിനെ അപായപ്പെടുത്താൻ യൂത്ത് കോൺഗ്രസ് നേതാവ് ഭാരമേറിയ ലോഹ ഉരുളി ചുഴറ്റിയെറിഞ്ഞത് സമരമുഖത്തെ കൗതുകക്കാഴ്ചയായി അവതരിപ്പിച്ച് മുഖ്യധാരാ മാധ്യമങ്ങൾ. സമരക്കാർക്കിടയിൽനിന്ന് എറിഞ്ഞ ഉരുളി ബാരിക്കേഡിൽ തട്ടിയതുകൊണ്ടുമാത്രമാണ് പൊലീസിന്റെമേൽ പതിക്കാതിരുന്നത്. വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ ഉൾപ്പെടെ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ടിബിൻ ദേവസിയാണ് കലാപം ലക്ഷ്യംവെച്ച് പൊലീസിനുനേരെ ഉരുളിയെറിഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരടക്കം അൻപതോളം പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നു. ലക്ഷ്യം പിഴച്ച് റോഡിലേക്കാണ് വീണതെങ്കിൽ വഴിയാത്രികർക്കും പരിക്കേറ്റേനേ. എന്നിട്ടും വാർത്തകളിലും പടത്തിന്റെ ക്യാപ്ഷനിലും കൗൺസിലറുടെ പേര് കൊടുക്കാതിരിക്കാൻ മാധ്യമങ്ങൾ “ജാഗ്രത’ പുലർത്തി. ഉരുളലോടുരുളൽ എന്ന അടിക്കുറിപ്പോടെയാണ് മലയാളമനോരമയിൽ ഒന്നാംപേജ് ചിത്രം. എറിഞ്ഞയാൾ ആരെന്നില്ല.
അകംപേജിലെ വാർത്തയിലും ഉരുളിയേറിന്റെ വിവരമില്ല. പറക്കും ഉരുളി എന്ന പേരിലാണ് മാതൃഭൂമിയുടെ ഒന്നാംപേജ് ചിത്രം. അതിലും ഉരുളിയേറുകാരന് പേരില്ല. മാധ്യമം പത്രത്തിന് പ്രതിഷേധത്തളികയാണ് ഉരുളിയേറ്. അവിടെയും പേരില്ല.















