തിരുവനന്തപുരം
സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീരോഗ രജിസ്ട്രി തയ്യാറാക്കുന്ന പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് മൂന്ന് ജില്ലയിൽ തുടക്കം. തിരുവനന്തപുരം, ഇടുക്കി, കാസർകോട് ജില്ലകളിലായി 6078 പേരിൽ നടത്തിയ സർവേയിൽ 2129 പേർക്കും ജീവിതശൈലീ രോഗത്തിന് സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. 35.02 ശതമാനം പേർക്കാണ് രോഗസാധ്യത.
രോഗസാധ്യത കണ്ടെത്തിയവർക്ക് രോഗനിർണയ പരിശോധനയ്ക്ക് നിർദേശം നൽകി. സംസ്ഥാനത്തൊട്ടാകെ സർവേ വ്യാപിപ്പിക്കുന്നതിന് ഇ–-ഹെൽത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ശൈലി ആപ്ലിക്കേഷൻ അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ 14 ജില്ലയിലേക്കും സർവേ വ്യാപിപ്പിക്കാനാകും.
സംസ്ഥാനമൊട്ടാകെ സർവേ പൂർത്തിയാകുന്നതോടെ രോഗസാധ്യതയുള്ളവരുടെ എണ്ണം ഇനിയും വർധിച്ചേക്കും. നിലവിൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ സർവേ നടത്തിയത്–-6026 പേരിൽ. ഇടുക്കിയിൽ 37ഉം കാസർകോട് 15ഉം പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ആശാ പ്രവർത്തകരുടെ സഹകരണത്തോടെ ഓരോ വീടും സന്ദർശിച്ച് 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും അവയിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളെക്കുറിച്ചുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
30 വയസ്സിന് മുകളിലുള്ള 1.72 കോടി പേരാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ അർബുദം അടക്കമുള്ള പകർച്ചേതര രോഗങ്ങൾക്ക് എത്രത്തോളം സാധ്യതയുണ്ടെന്ന് കണ്ടെത്തി അതിവേഗം ചികിത്സ നൽകുകയാണ് ലക്ഷ്യം. നിലവിൽ അമൃതം ആരോഗ്യം പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള എല്ലാ ആശുപത്രിയിലും ജീവിതശൈലീ രോഗനിർണയ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ ഏകദേശം 1.27 കോടിയോളം ജനങ്ങളെ സ്ക്രീനിങ് നടത്തി ഒമ്പത് ലക്ഷത്തോളം പ്രമേഹ രോഗികളെ കണ്ടെത്തി. ഈ രോഗികൾക്കെല്ലാം മതിയായ ചികിത്സ നൽകുന്നതിനും പദ്ധതിയിലൂടെ സാധ്യമായിരുന്നു.