കൊച്ചി
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 59–-ാം സംസ്ഥാന വാർഷികസമ്മേളനത്തിന് കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിങ് കോളേജിൽ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി കാവുമ്പായി ബാലകൃഷ്ണൻ പി ടി ഭാസ്കരപ്പണിക്കർ സ്മാരക പ്രഭാഷണം നടത്തി.
നവകേരളത്തിന് ഒരു പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ മലയാള സർവകലാശാല പ്രൊഫസർ ഡോ. അനിൽ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി. മുൻ ജനറൽ സെക്രട്ടറി മീരാഭായി അധ്യക്ഷയായി. ജനറൽ സെക്രട്ടറി പി ഗോപകുമാർ, ജില്ലാ സെക്രട്ടറി അഡ്വ. കെ പി സുനിൽ എന്നിവർ സംസാരിച്ചു.
സംസ്ഥാന പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റിസോഴ്സസിലെ (സിഎസ്ഐആർ) മുൻ ശാസ്ത്രജ്ഞൻ ഡോ. ഗൗഹർ റാസ ഉദ്ഘാടനം ചെയ്യും. ഉറുദു കവിയും ഡോക്യുമെന്ററി സംവിധായകനുംകൂടിയാണ് റാസ.
പരിഷത്തിന്റെ രണ്ടാം കേരള പഠന റിപ്പോർട്ട്, കെ–-റെയിൽ പഠന റിപ്പോർട്ട് എന്നിവ സമ്മേളനത്തിൽ ചർച്ച ചെയ്യും. 440 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഭാരത് ഗ്യാൻ വിഗ്യാൻ സമിതി, ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക് തുടങ്ങിയ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.