കൊച്ചി > പുതുമുഖനടിയെ പീഡിപ്പിച്ച കേസിലെ പ്രതി നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ, ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കും തിങ്കളാഴ്ച വരെ തുടരുമെന്ന് കോടതി വ്യക്തമാക്കി. പേര് വെളിപ്പെടുത്തിയതിന് നടനെതിരെ ഐടി നിയമപ്രകാരം ജാമ്യമില്ലാവകുപ്പും ചുമത്തിയിരുന്നു.
പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന മൊഴിയാണ് വിജയ് ബാബു കോടതിയിൽ ആവർത്തിച്ചത്. കേസിൽ പ്രമുഖ ഗായകന്റെയും ഭാര്യയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടനും നിർമാതാവുമായ വിജയ് ബാബു നടിക്കൊപ്പം ആഢംബര ഹോട്ടലിൽ എത്തിയതിന് ഇവർ സാക്ഷികളാണ്.
30 സാക്ഷികളിൽനിന്ന് ഇതിനകം മൊഴിയെടുത്തിട്ടുണ്ട്. ദുബായിൽ ഒളിവിൽക്കഴിഞ്ഞ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ നടൻ സൈജു കുറുപ്പിനെയും വിജയ് ബാബുവിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.