തിരുവനന്തപുരം
പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലയളവിൽ സംസ്ഥാന സർക്കാർ ജനക്ഷേമ നയസമീപനമാണ് നടപ്പാക്കിയതെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വിലയിരുത്തി. പ്രതിസന്ധിക്കിടയിലും പൊതുജനാരോഗ്യ രംഗത്തടക്കം മാതൃകയായെന്നും ബോർഡിന്റെ പതിനാലാം പദ്ധതി കരട് നയരേഖയിൽ വിലയിരുത്തി. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകളും കുട്ടികളും, പട്ടിക ജാതി–- വർഗ വിഭാഗങ്ങൾ തുടങ്ങിയവരുടെ ക്ഷേമം ഉറപ്പാക്കി. ക്ഷേമ പെൻഷൻ 1600 രൂപയാക്കി. ഗുണഭോക്താക്കളുടെ എണ്ണം 51.35 ലക്ഷമാക്കി. ജൻഡർ ബജറ്റിങ് പ്രക്രിയ യാഥാർഥ്യമാക്കി. 2.79 ലക്ഷം ലൈഫ് വീട് നിർമിച്ചു. നെല്ലുൽപ്പാദനം അഞ്ചുവർഷംകൊണ്ട് ഹെക്ടറിന് 2547 കിലോഗ്രാമിൽനിന്ന് 3105 കിലോഗ്രാമാക്കി. നിലം 1.71 ലക്ഷം ഹെക്ടറിൽനിന്ന് 2.02 ഹെക്ടറായി. പച്ചക്കറി ഉൽപ്പാദനം 7.25 മെട്രിക് ടണ്ണിൽനിന്ന് 15.7 ലക്ഷം മെട്രിക് ടണ്ണിലെത്തി. നിർമാണമേഖലയും പുനരുജ്ജീവന പാതയിലായി. പൊതുമേഖലാ സ്ഥാപന പുനരുജ്ജീവനവും എംഎസ്എംഇ ത്വരിത വളർച്ചയും സംസ്ഥാന മൊത്ത സംയോജിത മൂല്യം (ജിഎസ്വിഎ) ഉയർത്തി.
കെ ഫോണും സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരളയും പ്രധാന ഇടപെടലായി. ഐടി നയം ഐടി പാർക്കുകളും നിർമിതിയും ഉയർത്തി. പെട്രോകെമിക്കൽ ആൻഡ് ഫാർമ പാർക്ക്, മലയോര–തീരദേശ ഹൈവേ, ട്രാൻസ്ഗ്രിഡ് 2.0, ലൈഫ് സയൻസ് പാർക്ക്, ഹൈടെക് സ്കൂൾ പദ്ധതി എന്നിവ സാധ്യമാക്കി. വിനോദ സഞ്ചാര മേഖലയുടെ കുതിപ്പിനായി നയമുണ്ടാക്കി. കോവിഡ് കാലത്ത് ഭക്ഷണവും അവശ്യസാധനങ്ങളും ഉറപ്പാക്കി.
സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് സഹായമായി കേരള ബാങ്ക് മാറും. നിപായും കോവിഡും കൈകാര്യം ചെയ്ത രീതി ലോക മാതൃകയായി. ഇതെല്ലാം പരിഗണിച്ചും സംരക്ഷിച്ചുമാണ് 14ാംപദ്ധതി നയരേഖയെ സമീപിക്കേണ്ടതെന്നും ബോർഡ് അഭിപ്രായപ്പെടുന്നു.















