ഇടുക്കി> സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കി. മീറ്റർ പരിസ്ഥിതി ലോലമേഖലക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോടതിവിധി ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളെയാണ് ഏറെ ഗുരുതരമായി ബാധിക്കുന്നത്. നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്. മാത്രമല്ല ഭൂ വിസ്തൃതിയുടെ കൂടുതൽ ഭാഗവും ഇവിടെ വനമായുണ്ട്. ഭൂ പ്രശ്നങ്ങൾക്കും വിപത്തുകൾക്കും തുടക്കമിട്ടത് കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോഴാണെന്ന് നേതാക്കൾ ആരോപിച്ചു.
ജറയാം രമേശ് 2011 ൽ വനം പരിസ്ഥിതി മന്ത്രിയായിരിക്കെ വന്യജീവി സംരക്ഷണത്തിന്റെ പേരിൽ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനാണ് ഇപ്പോൾ സുപ്രീം കോടതി ഉത്തരവിട്ടിട്ടുളളത്. അതിനെ ചുവടുപിടിച്ചുള്ളതാണ് ഒട്ടേറെയുള്ള നിയന്ത്രണങ്ങൾ. കപടപരിസ്ഥിതി സംഘടനകളെ പ്രീതിപ്പെടുത്തിയ അതേ സംഘമാണ് വന്യജീവി സംരക്ഷണ ഉത്തരവിനും പിന്നിലുമുള്ളത്. കസ്തൂരിരംഗൻ റിപ്പോർട്ടിൽനിന്നും കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കിട്ടുന്നതിന് ശാസ്ത്രീയവും സമഗ്രവുമായ റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. വനത്തിൽ മാത്രം ഇഎസ്ഐ നിജപ്പെടുത്തി കൃഷിമേഖലയെ പൂർണമായും വിമുക്തമാക്കുന്ന ശാസ്ത്രീയ റിപ്പോർട്ടാണ് മുമ്പ് കേരളം നൽകിയത്.
എന്നാൽ ഇതിനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ എടുത്ത നിലപാട് കർഷകവിരുദ്ധമായിരുന്നു. ചില ഘട്ടങ്ങളിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നുതന്നെ കെപിസിസി പ്രസിഡന്റും ഹരിത എംഎൽഎമാരും ആവശ്യപ്പെട്ടിട്ടുണ്ട്. ബഫർസോൺ വിഷയത്തിൽ അതിസൂക്ഷ്മതയോടെയുള്ള ഇടപെടൽ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത് ആശ്വാസകരമാണെന്നും നിർദേശം സമർപ്പിക്കാനുള്ള അവസരം അനുവധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പ്രതീക്ഷനൽകുന്നതായും നേതാക്കൾ പറഞ്ഞു.
മലയോര മേഖലകളിലെ കർഷകർക്ക് ദോഷകരമായ നിലപാടുകളെ ജനകീയ സമരത്തിലൂടെ ചെറുത്ത് തോൽപ്പിച്ച ഐക്യം ഹർത്താൽ വിജയിപ്പിക്കന്നതിലും ഉണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ, നേതാക്കളായ സി വി വർഗീസ്, ഷാജി കാഞ്ഞമല, അനിൽ കൂവപ്ലക്കൽ, ജോണി ചെരിവുപറമ്പിൽ, എം കെ ജോസഫ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.