ആലപ്പുഴ > തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫിന്റെ വ്യാജ അശ്ലീലദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ജയിൽമോചിതരായവർക്ക് കോൺഗ്രസിന്റെ പരസ്യസ്വീകരണം. യൂത്ത് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ് മുളയ്ക്കൽഹൗസിൽ നൗഫൽ മുക്കൽ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നേതാവ് അരൂക്കുറ്റി വടുതലജെട്ടി വടക്കേവലിയവെളിയിൽ (നസീർ മൻസിൽ) ഇ എം നസീർ എന്നിവർക്കാണ് കോൺഗ്രസ് പരസ്യസ്വീകരണമൊരുക്കിയത്.
ചൊവ്വ വെെകിട്ട് അരൂക്കുറ്റിയിൽ കെപിസിസി നേതാവും ജില്ലാ കോൺഗ്രസ് ട്രഷററുമായ രഘുനാഥപിള്ളയുടെ നേതൃത്വത്തിലായിരുന്നു ഇവർക്ക് സ്വീകരണംനൽകിയത്. വ്യാജവീഡിയോ പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവും ലീഗുകാരനും ഉൾപ്പെടെ എട്ടു യുഡിഎഫ് പ്രവർത്തകരാണ് അറസ്റ്റിലായത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തത് മുസ്ലിംലീഗ് പ്രവർത്തകനായ കോട്ടയ്ക്കൽ ഇന്ത്യനൂർ സ്വദേശി മുളഞ്ഞിപുലാൻ വീട്ടിൽ അബ്ദുൾ ലത്തീഫ് ആയിരുന്നു.