കൊച്ചി > നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് രണ്ട് വട്ടം തുറന്നെന്നും ഹാഷ് വാല്യൂ മാറിയതായും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൂടുതൽ പരിശോധന വേണമെന്നും
വീണ്ടും പരിശോധക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്കയക്കണമെന്നുമുള്ള അപേക്ഷയാണ് വിചാരണക്കോടതി തള്ളിയത്. വിചാരണക്കോടതി ഉത്തരവ് നിയമപരമല്ലന്നും റദ്ദാക്കണമെന്നുമാണ് ക്രൈംബ്രാബിൻ്റെ ആവശ്യം.
കേസന്വേഷണവും തെളിവു ശേഖരണവും പൊലീസിൻ്റെ അധികാരത്തിൽ പെടുന്ന കാര്യമാണന്നും പരിശോധന വേണ്ടെന്ന വിചാരണക്കോടതിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഫോറന്സിക് ലാബിലെ ഉദ്യോഗസ്ഥരെ അടക്കം വിസ്തരിച്ചു കഴിഞ്ഞതിനാല് വീണ്ടും പരിശോധന വേണ്ടെതില്ലെന്ന് വിചാരണക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2018 ജനുവരി 09, ഡിസംബര് 13 തീയതികളില് ഹാഷ് വാല്യുവില് മാറ്റം വന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കാര്ഡ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് സംഭവം. ഹർജി കോടതി ബുധനാഴ്ച പരിഗണിക്കും.
വിചാരണക്കോടതിയില് നിന്ന് ദൃശ്യങ്ങള് ചോര്ന്നെന്ന ആരോപണം നിലനില്ക്കെയാണ് ഹാഷ് വാല്യു വിഷയം ഉയര്ന്നുവന്നത്. നടിയും ദൃശ്യങ്ങള് ചോര്ന്നതായി പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില് വിശദമായ അന്വേഷണം വേണമെന്ന വാദത്തിലുറച്ചാണ് പ്രോസിക്യൂഷന്റെ നീക്കം.
നേരത്തെ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സര്ക്കാര് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങള് സൂക്ഷിച്ച മെമ്മറി കാര്ഡിന്റെ ഹാഷ് വാല്യു മാറിയത് കോടതി പ്രോസിക്യൂഷനെ അറിയിച്ചിരുന്നില്ല. ഫോറന്സിക് ലാബില് നിന്നും ഈ വിവരം കോടതിയെ അറിയിച്ചിരുന്നു. എന്നാല് 2022 ഫെബ്രുവരി വരെ കോടതി ഈ വിവരം മറച്ചുവെച്ചു തുടങ്ങിയ വിവരങ്ങളാണ് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചത്.
ഹാഷ് വാല്യു മാറിയത് അറിയാതെയാണ് പ്രോസിക്യൂഷന് വിചാരണ നടത്തിയത്. പിന്നീട് തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന് ലാബില് നിന്നും പരിശോധന റിപ്പോര്ട്ട് പിടിച്ചെടുക്കുകയായിരുന്നു. ഇതിനിടെ ആക്രമണ ദ്യശ്യങ്ങള് ചോര്ന്നെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. സംവിധായകന് ബാലചന്ദ്രകുമാറും ഇക്കാര്യം വെളിപ്പെടുത്തി.