തിരുവനന്തപുരം > സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ലോക സമുദ്രദിനമായ നാളെ (08-06-22) കൊല്ലം വാടി കടപ്പുറത്ത് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയില് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പദ്ധതിയുടെ ലോഗോ പ്രകാശനം നിര്വഹിക്കും. പദ്ധതിയുടെ ബ്രാന്ഡ് അംബാസഡര് ആയ ചലച്ചിത്ര താരം മഞ്ജു വാര്യര് ആശംസകള് അറിയിക്കും.
ബോധവത്ക്കരണം, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും, തുടര് ക്യാമ്പയിന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി സംഘടിപ്പിക്കുന്നത്. ബോധവല്ക്കരണ പ്രവര്ത്തനങ്ങള്ക്കാണ് നാളെ തുടക്കം കുറിക്കുന്നത്. രണ്ടാം ഘട്ടമായി 590 കിലോമീറ്റര് കടല്ത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് 2022 സെപ്തംബര് 18 ന് പ്ലാസ്റ്റിക് നിര്മ്മാര്ജ്ജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്ററിലും ഈ പ്രവര്ത്തനങ്ങള് നടത്തുന്നതിന് 25 സന്നദ്ധ പ്രവര്ത്തകര് വീതം ഉള്പ്പെടുന്ന 600 ആക്ഷന് ഗ്രൂപ്പുകളെ നിയോഗിക്കും. ഇത്തരത്തില് ചുരുങ്ങിയത് 15,000 സന്നദ്ധ പ്രവര്ത്തകരെങ്കിലും പ്ലാസ്റ്റിക് നിര്മ്മാര്ജ്ജന യജ്ഞത്തില് പങ്കാളികളാകും.
അഴിമുഖങ്ങള്, പുലിമുട്ടുകള്, എന്നിവിടങ്ങളില് നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള് മുങ്ങിയെടുത്ത് നീക്കം ചെയ്യുന്നതിന് ഡൈവര്മാരുടെ സേവനം ഉപയോഗപ്പെടുത്തും. ആക്ഷന് ഗ്രൂപ്പുകള് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള് തരംതിരിച്ച് ആക്ഷന് കേന്ദ്രങ്ങളില് സംഭരിച്ചു ക്ലീന് കേരള മിഷന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് എന്നിവയുടെ ചുമതലയില് ഷ്രെഡിംഗ് യൂണിറ്റുകളിലേയ്ക്ക് മാറ്റി ശാസ്ത്രീയമായി സംസ്ക്കരിക്കും. മൂന്നാം ഘട്ടത്തില് ശുചിത്വസാഗരം പദ്ധതി സംസ്ഥാനത്തെ പൂര്ണ്ണതോതില് പ്രവര്ത്തിക്കുന്ന മറ്റ് 20 ഹാര്ബറുകളിലേക്കും കൂടി വ്യാപിപ്പിച്ച് സമുദ്രാടിത്തട്ടില് അടിഞ്ഞ് കൂടിയിട്ടുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള് ശേഖരിച്ച് നിര്മ്മാര്ജ്ജനം ചെയ്യുന്ന സ്ഥിരം സംവിധാനം ഒരുക്കുന്നതിനും ഉദ്ദേശിക്കുന്നു.