തൃശൂർ> ഒരു കോടിയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾതൃശൂർ സിറ്റി പൊലീസിന്റെ വലയിലായി. കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ മുഹമ്മദ് ഷഫീക്ക് (21), കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), കുന്നംകുളം അഞ്ഞൂർ മുട്ടിൽ ശരത്ത് (23), അഞ്ഞൂർ തൊഴിയൂർ ജിതിൻ (21), തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ് (21), കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് (20) എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ചേ മൂന്നിന് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ആന്ധ്രയിൽനിന്ന് എത്തിച്ച, അതിമാരക മയക്കുമരുന്ന് ഇനത്തിൽപെടുന്ന ഹാഷിഷ് ഓയിൽ സിറ്റി പൊലീസ് ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നാണ് പിടികൂടിയത്. കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ചില്ലറ വിൽപ്പനക്കായാണ് ആന്ധ്രയിൽനിന്ന് ലഹരിമരുന്ന് എത്തിച്ചത്. ഫ്രൂട്ട് ജ്യൂസ് എന്ന രീതിയിലാണ് പ്രതികൾ ഹാഷിഷ് ഓയിൽ കടത്തിയത്. ഫ്രൂട്ടി പാക്കറ്റുകൾ, പാരച്യൂട്ട് വെളിച്ചെണ്ണ കുപ്പികൾ, ഫ്ലാസ്കുകൾ എന്നിവയിലും ഹാഷിഷ് ഓയിൽ ഒളിപ്പിച്ചു കടത്താൻ ഉപയോഗിച്ചു. ഹാഷിഷ് ഓയിലിന് രൂക്ഷഗന്ധം ഉള്ളതിനാൽ, അത് മറികടക്കുന്നതിനായി സുഗന്ധ തൈലം പുരട്ടും.
ഇവർ പലതവണ ലഹരിക്കടത്തിന് പിടിക്കപ്പെട്ടിട്ടുള്ളവരാണ്. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മുനീബിനെ 2021ൽ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഷഫീക്കും മഹേഷും. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയവരാണ്. 2021ൽ വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ശരത്.
പ്രതികളെ പിടികൂടിയ സംഘത്തിൽ ഈസ്റ്റ് സിഐ പി ലാൽകുമാർ, എസ്ഐമാരായ എ ജോർജ് മാത്യു, ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ എൻ ജി സുവ്രതകുമാർ, പി എം റാഫി, കെ ഗോപാലകൃഷ്ണൻ, പി രാകേഷ്, സിപിഒമാരായ ടി വി ജീവൻ, പളനിസ്വാമി, എം എസ് ലികേഷ്, എസ് സുജിത്കുമാർ, കെ ആഷിഷ്, എസ് ശരത്, ജോഷി, അരുൺ, വിപിൻ, ഷെല്ലാർ എന്നിവരും ഉണ്ടായി.