കാസർകോട്> മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പാണ് ചുമത്തിയത്.
നിയമസഭയിലേക്കുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയുടെ നാമനിർദേശ പത്രിക കോഴ നൽകി ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചുവെന്ന കേസിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പാണ് സുരേന്ദ്രനുൾപ്പെടെയുള്ള 6 പ്രതിക്കെതിരെ ചുമത്തിയത്. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് പുതിയ വകുപ്പ് കൂടി ചേർത്തത്. പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും , എണ്ണായിരം രൂപയുടെ സ്മാർട്ട് ഫോണും പാരിതോഷികം നൽകിയെന്ന് സുന്ദര വെളിപ്പെടുത്തുകയായിരുന്നു.
മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി വി വി രമേശൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് എടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനു ശേഷമാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. അന്യായമായി തടങ്കലിൽ വെയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ 171 B, E വകുപ്പുകളും നേരത്തെ ചുമത്തിയിരുന്നു. കെ സുരേന്ദ്രന് പുറമെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് പ്രതികൾ. സാക്ഷിമൊഴികൾക്കു പുറമെ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും സിസിടി ദൃശ്യങ്ങളുമുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.