കരുനാഗപ്പള്ളി> ദേശീയപാത വികസിക്കുമ്പോൾ തണൽ വിരിച്ചുനിൽക്കുന്ന മരങ്ങൾ നിലംപൊത്തുന്നത് സങ്കടകരമായ കാഴ്ചയാണ്. എന്നാൽ, പുതിയ പാതയ്ക്കൊപ്പം പുതിയ വൃക്ഷത്തൈകളും വച്ചുപിടിപ്പിക്കുമെന്നത് ആശ്വാസത്തിന് വക നൽകുന്നു. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ജില്ലയിൽ ഇരുപത്തിനാലായിരത്തോളം വൃക്ഷമാണ് മുറിച്ചുമാറ്റുന്നത്. ഇത്രയും വൃക്ഷത്തൈകൾ തന്നെ പുതിയ പാതയുടെ ഇരുഭാഗത്തുമായി വച്ചുപിടിപ്പിക്കാനാണ് വിശദ പദ്ധതി രേഖയിൽ നിർദേശിക്കുന്നത്.
മുറിച്ചുമാറ്റുന്ന മരങ്ങൾ സംബന്ധിച്ച് വനംവകുപ്പാണ് കണക്കുകൾ ശേഖരിച്ചത്. കൂറ്റൻ ആൽമരങ്ങൾ, ഫലവൃക്ഷങ്ങൾ, പാഴ്മരങ്ങൾ എന്നിവ ഉൾപ്പെടെയാണ് മുറിച്ചുമാറ്റുന്നത്. ഇവയ്ക്കു പകരമായി ദേശീയപാതയ്ക്ക് അരികിലെ സർവീസ് റോഡുകളോട് ചേർന്ന് മരങ്ങൾ വളർത്താനാണ് ലക്ഷ്യമിടുന്നത്. ഡിവൈഡറുകളിൽ പൂച്ചെടികൾ ഉൾപ്പെടെ നട്ട് മനോഹരങ്ങളായ പൂന്തോട്ടവും നിർമിക്കും. റോഡ് നിർമാണം 75 ശതമാനം പൂർത്തിയാകുമ്പോൾ മരങ്ങൾ നടുന്നതിന് തുടക്കംകുറിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
ജില്ലയുടെ വടക്കേ അതിർത്തിയായ ഓച്ചിറ മുതൽ മുതൽ കരുനാഗപ്പള്ളി വരെയുള്ള ഭാഗത്ത് മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവർത്തനം അവസാനഘട്ടത്തിലാണ്. ദേശീയപാത വികസനത്തിനായി പ്രധാനമായും ആറുവരിപ്പാതയും സർവീസ് റോഡുമാണ് നിർമിക്കുന്നത്. മുറിച്ചുമാറ്റുന്നവയ്ക്കു പകരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ മരങ്ങൾ വച്ചുപിടിപ്പിക്കണമെന്ന ആവശ്യവും പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്നുണ്ട്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി പുതിയ ബജറ്റിൽ ‘നഗരത്തിൽ ഒരു വനം’ പേരിൽ പദ്ധതി ഏറ്റെടുത്തു.
‘ഒരേയൊരു ഭൂമി’ എന്ന ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം ഐക്യരാഷ്ട്രസഭ 1972–ൽ പ്രഖ്യാപിച്ചതാണ്. അരനൂറ്റാണ്ടിനുശേഷം വീണ്ടും അതേസന്ദേശം ലോകത്തിനു നൽകുന്നതിലൂടെ സസ്യജാലങ്ങളെ നിലനിർത്തി മാത്രമേ മനുഷ്യരാശിക്ക് നിലനിൽപ്പുള്ളൂ എന്ന് പ്രഖ്യാപിക്കുകയാണ്. ഈ സന്ദേശം ഏറ്റെടുത്താണ് കേരളത്തിലെ ദേശീയപാതാ വികസന പദ്ധതിക്കൊപ്പം പരിസ്ഥിതി സംരക്ഷണവും ചേർത്തുവയ്ക്കുന്നത്.