ഇടുക്കി> കൈയേറ്റക്കാരുടെ താവളമായിരുന്ന മതികെട്ടാൻ ജന്തു– ജൈവ വൈവിധ്യങ്ങളുടെ കലവറയും പച്ചത്തുരുത്തും. സംസ്ഥാനത്തെ അഞ്ചാമത്തെ ദേശീയോദ്യാനം അത്യപൂർവ ആവാസവ്യവസ്ഥകളുടെ കേന്ദ്രമായി. രണ്ട് ദശാബ്ദങ്ങൾക്കുമുമ്പ് നടന്ന വ്യാപക വനംകൊള്ളയും കൈയേറ്റവും ഇല്ലാതാക്കി മതികെട്ടാൻ പ്രകൃതിക്കുതന്നെ വിട്ടുകൊടുത്തതിനുപിന്നിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള പൊതുരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഇച്ഛാശക്തിയുണ്ട്. ചോലക്കാടുകളുടെ കേന്ദ്രമായിരുന്ന മതികെട്ടാനിൽനിന്ന് 3500 ഏക്കറാണ് കൈയേറ്റക്കാരിൽനിന്ന് മോചിപ്പിച്ച് പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തിയത്.
കൈയേറ്റത്തിനെതിരെ 2001 മുതൽ നടത്തിയ സമരങ്ങളുടെ ഫലമായി 2003ൽ മതികെട്ടാൻ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. പിന്നീട് വെട്ടിവെളുപ്പിച്ച മേഖലയിലെല്ലാം സ്വാഭാവിക വനമായി. അത്യപൂർവ ഉഭയജീവിയായ ‘ഗ്യാലക്സി ഫ്രോഗ്’ ഉൾപ്പെടെ ആന, കടുവ, പുലി തുടങ്ങി മൃഗങ്ങളും 101 തരം സസ്യ വൈവിധ്യങ്ങളുംകൊണ്ട് മതികെട്ടാനിപ്പോൾ സമ്പന്നം.തമിഴ്നാട് ബോഡിമുതൽ ഞണ്ടാർവരെ 12.8 ചതുരശ്ര കി. മീറ്റർ വ്യാപിച്ചുകിടക്കുന്ന മതികെട്ടാൻ സംരക്ഷണത്തിന് പേത്തൊട്ടിയിൽ സെക്ഷൻ ഓഫീസറുടെ നേതൃത്വത്തിൽ പതിനഞ്ചോളം വനപാലകരുണ്ട്.
മതികെട്ടാനിൽനിന്ന് ഉത്ഭവിക്കുന്ന തോടുകളും ജലസ്രോതസ്സുകളും താഴ്വാരങ്ങളിലെ ജനതയുടെ കുടിവെള്ളമായി മാറുന്നു. സമീപപ്രദേശങ്ങളിലെ കാലാവസ്ഥയെപോലും സ്വാധീനിക്കുന്ന പ്രകൃതിയുടെ സന്തുലിത കേന്ദ്രമായി മാറി.
10 മാസവും മഞ്ഞുമൂടിക്കിടക്കുന്ന മലനിരയെ അടുത്തറിയാൻ സഞ്ചാരികൾക്കും പ്രകൃതി സ്നേഹികൾക്കുമായി ട്രക്കിങ്ങും നേച്ചർ ക്യാമ്പും വനംവകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. കാടിനുള്ളിൽ ഏഴുപേർക്ക് താമസിക്കാൻ പുല്ലുമേഞ്ഞ കുടിൽ നിർമിച്ചിട്ടുണ്ട്. 5000 രൂപയാണ് ദിവസവാടക. 400 രൂപയാണ് ട്രക്കിങ്ങിന് ഈടാക്കുന്നത്. വനപാലകർക്കൊപ്പം ആദിവാസികളും പൊതുപ്രവർത്തകരും അടങ്ങുന്നവരുടെ സഹായവും മതികെട്ടാൻ സംരക്ഷണത്തിനുണ്ട്.