കോഴിക്കോട്> ബുൾഡോസർ രാഷ്ട്രീയത്തിന് പിറകിൽ സംഘപരിവാറിന്റെ വർഗീയ അജണ്ടയാണ് പ്രവർത്തിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി ടാഗോർ ഹാളിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ന്യൂനപക്ഷങ്ങളെയും ദളിതരെയും സ്ത്രീകളെയുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. ഭരണഘടനാ മൂല്യങ്ങൾക്കും മതനിരപേക്ഷ ചരിത്രത്തിനുമെതിരെയാണ് ബുൾഡോസർ ഉയരുന്നത്. വ്യാജ ദേശീയതയുടെ മുഖംമൂടി അണിഞ്ഞ് സംഘപരിവാർ യഥാർഥ ദേശീയതയെ ഹൈജാക്ക് ചെയ്യുകയാണ്.
ഹിന്ദുമത വിശ്വാസികൾ മാത്രമാണ് ദേശസ്നേഹികൾ എന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് ചരിത്ര നിഷേധമാണ്. വിഭജിച്ച് ഭരിക്കുക എന്ന കൊളോണിയൽ തന്ത്രത്തിന് ഒപ്പമായിരുന്നു ആർഎസ്എസ്. ദ്വിരാഷ്ട്ര വാതം ആദ്യം ഉന്നയിച്ചത് 1937ലെ ഹിന്ദുമഹാ സമ്മേളനത്തിൽ വി ഡി സർവക്കറാണ്. 1940ൽ കോൺഗ്രസ് ലാഹോർ സമ്മേളനത്തിൽ മുഹമ്മദലി ജിന്ന ഇത് ഏറ്റുപറഞ്ഞു. എന്നാൽ, മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്.
1921ലെ കൊൺഗ്രസ് സമ്മേളനത്തിൽ പൂർണ സ്വരാജ് എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് സോഷ്യലിസറ്റ് ആശയങ്ങളിൽ ആകൃഷഷ്ടനായ മൗലാന ഹസ്രത്ത് മൊഹാനിയാണ്. പെഷവാർ ഗൂഢാലോചന ആരോപിച്ച് രാജ്യ ദ്രോഹികളായി പ്രഖ്യാപിച്ചവരിൽ ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരായിരുന്നു. മുഹമ്മദ് അക്ബറാണ് രാജ്യദ്രോഹ കേസിൽ ആദ്യമായി രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് ഹിന്ദു രാഷ്ട്രത്തിനു വേണ്ടി വാദിച്ച് ഈ ഐക്യത്തെ തകർക്കാനാണ് ആർഎസ്എസ് ശ്രമിച്ചത്.
ജനാധിപത്യവും മത നിരപേക്ഷതയുമാണ് ഇന്ത്യയെ താങ്ങി നിർത്തുന്ന മഹത്തായ രണ്ട് തൂണുകൾ. അതിനെ തകർക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ഭരണഘടന. എന്നാൽ, സംഘപരിവാർ അതിൽ വിശ്വസിക്കുന്നില്ല. മനുസ്മൃതിയാണ് അവരുടെ ഗ്രന്ഥം. അസമത്വം നിലനിൽക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.