തിരുവനന്തപുരം> ആകാശത്തിനപ്പുറമുള്ള ലോകമായിരുന്നു ഐഎസ്ആർഒയിലെ ഷാജുവിന്റെ ജോലി. എന്നാൽ, അപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് ഭൂമിയിലായിരുന്നു. ഭൂമിയുടെ ജീവവിസ്മയമായ സസ്യങ്ങളായിരുന്നു പ്രപഞ്ചം.
മണ്ണിൽ ചവിട്ടി നിന്ന അദ്ദേഹം, വിരമിച്ചപ്പോൾ ലഭിച്ച തുക ഉപയോഗിച്ച് സ്ഥലം വാങ്ങി ഒരു വനമൊരുക്കി.
ആകാശത്തോളം വലുതായ ഈ മനസ്സ് പുതുതലമുറയ്ക്ക് മാതൃകയാണ്. ജൂനിയർ എൻജിനിയർ തസ്തികയിൽ നിന്നും വിരമിച്ച വി ഷാജു കാരേറ്റിൽ വാങ്ങിയ ഒന്നരയേക്കറിലാണ് ഔഷധ സസ്യങ്ങളടങ്ങിയ കുഞ്ഞൻ വനം നിർമിച്ചത്. കാഴ്ചക്കാരിൽ അത്ഭുതം നിറയ്ക്കുന്നതാണ് ഇവിടം. വിശപ്പിനെ ശമിപ്പിക്കുന്ന പശിയടക്കി, രാവിലെ പൂവിട്ട് വൈകുന്നേരം നെല്ലുണ്ടാകുന്ന അന്നൂരിനെല്ല്, തേയ്മാനം സംഭവിക്കാത്ത തടിയുള്ള അയൺവുഡ്, മുറിവിലെ ചോരപോകൽ തടയുന്ന പെൻസിലിൻ ചെടി, വെള്ളത്തെ കട്ടിയാക്കുന്ന ജലസ്തംഭിനി തുടങ്ങിയവ ഇവിടെയുണ്ട്. ഫലവൃക്ഷങ്ങളും നീന്തൽക്കുളവുമുണ്ട്. സ്റ്റാർ ആപ്പിൾ, പേരയ്ക്ക, പ്ലാവ്, മാംഗോസ്റ്റിൻ, പിസ്ത, വിവിധതരം മാവുകൾ തുടങ്ങി സ്വദേശികളും വിദേശികളുമായ വൃക്ഷങ്ങളുണ്ട്.
ചെറുപ്പം മുതൽ സസ്യങ്ങളോടും മരങ്ങളോടും ഷാജുവിന് പ്രത്യേക സ്നേഹമുണ്ടായിരുന്നു. യാത്രകളിൽ കാണുന്നവയെല്ലാം കൂടെ കൂട്ടി. അന്ന് താമസിച്ചിരുന്നിടത്ത് ഇവയ്ക്കും ഇടമൊരുക്കി. പലതിനെയും ബോൺസായി ചെയ്തു. ഇപ്പോൾ അവയെക്കൂടി ഈ മണ്ണിലേക്ക് പകർത്താനുള്ള ശ്രമത്തിലാണ് ഷാജു. ആവശ്യപ്പെടുന്നവർക്ക് തൈ നൽകാനും ഷാജു മടിക്കാറില്ല.