കോഴിക്കോട് > മൂന്ന് മക്കളുടെ പ്രായം ചോദിച്ചാൽ ആയിഷക്ക് ചിലപ്പോൾ തെറ്റും. പക്ഷേ, മാവൂർ ചെറുപുഴയുടെ തീരത്തെ മൂന്നേക്കറിലെ ആയിരത്തിലേറെ വൃക്ഷങ്ങളുടെ പേരും വയസ്സും ഈ വീട്ടമ്മക്ക് മനഃപാഠം. ആ സ്നേഹത്തിന്റെ കഥക്ക് 19 വർഷത്തിന്റെ മധുരമുണ്ട്.
പുലരി കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റായ ആയിഷ 2003ലാണ് മാത്തോട്ടം വനശ്രീയുമായി സഹകരിച്ചുള്ള ‘ഗ്രാമ വനം’ പദ്ധതിയുടെ ചുമതല ഏറ്റെടുക്കുന്നത്. മൂന്ന് കുടുംബശ്രീ ഗ്രൂപ്പിലെ പത്തുപേരായിരുന്നു സഹായത്തിന്. പിന്നീട് വനപരിപാലനം ദിനചര്യയായി. മരംമുറിക്കാനും കാടിന്റെ സന്തുലിതാവസ്ഥ തകർക്കാനും വന്നവരെ നേരിട്ടു. വനംവകുപ്പിൽ നഴ്സറി സൂപ്പർവൈസറും പഞ്ചായത്ത് ജൈവവൈവിധ്യ ബോർഡ് അംഗവുമായി.
മണിമരുത്, നീർമരുത്, വേങ്ങ, ഒങ്ങ്, മഞ്ചാടി, കുങ്കുമം, നെല്ലി, ആര്യവേപ്പ്, മഹാഗണി തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കലവറയാണ് ഇന്ന് ഗ്രാമവനം. വിദ്യാർഥികളും ഗവേഷകരും പരിസ്ഥിതി സ്നേഹികളും ഉൾപ്പെടെയുള്ളവർ കാടുകാണാനെത്തുന്നു.
ആയിഷ അവർക്ക് ക്ലാസെടുക്കുന്നു. 2016ൽ ഇവരെതേടി സംസ്ഥാന സർക്കാരിന്റെ പ്രകൃതിമിത്ര പുരസ്കാരമെത്തി. കുടുംബശ്രീ കൂട്ടായ്മയിൽ പച്ചക്കറികൃഷി, മത്സ്യകൃഷി എന്നിവയിൽ മികവറിയിച്ച ഇവർ വീട്ടിൽ പത്ത് ആടുകളെയും വളർത്തുന്നു.
കമ്യൂണിറ്റി കൗൺസലർ, മുക്കം ഫയർഫോഴ്സ് സിവിൽ ഡിഫൻസ് ഫോഴ്സ് അംഗം, കോഴിക്കോട് വനിതാ പൊലീസിനുകീഴിലെ നിർഭയ വളന്റിയർ എന്നിങ്ങനെ സാമൂഹ്യ സേവനത്തിലും സജീവമാണ്. വിവാഹത്തെ തുടർന്ന് എട്ടാം ക്ലാസിൽ നിലച്ച പഠനവും തളിരിട്ടു. പ്ലസ്ടു തുല്യത പാസായി. കേരള സർവകലാശാലയിൽനിന്ന് കൗൺസലിങ് ട്രെയിനിങ് കോഴ്സ് കഴിഞ്ഞ്, സൈക്കോളജിയിൽ ബിരുദ പഠനത്തിന് ചേർന്നു. എംഎസ്ഡബ്ല്യു സ്വന്തമാക്കി സാമൂഹ്യസേവന രംഗത്ത് കൂടുതൽ ശോഭിക്കാനാണ് ആഗ്രഹം. ഭർത്താവ് അബ്ദുൾ നാസറും മക്കളും പിന്തുണയുമായുണ്ട്.