കൊച്ചി > തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിച്ച കേസിൽ ഇ എം നസീർ, അബ്ദുൾ ലത്തീഫ് എന്നിവർ മുഖ്യപ്രതികൾ. ഫെയ്സ്ബുക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനും കൂടുതൽപേരിലേക്ക് എത്തിക്കാൻ പ്രതികൾ ശബ്ദസന്ദേശം അയച്ചതിനും പൊലീസിന് തെളിവ് ലഭിച്ചു.
നസീറാണ് വീഡിയോയുടെ സൂത്രധാരൻ. യൂത്ത് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ് നൗഫൽ വീഡിയോ പ്രചരിപ്പിച്ചു. അരൂക്കുറ്റിയുടെ ശബ്ദം എന്ന ഫെയ്സ്ബുക് പേജിലൂടെയും ഗീത തോമസ് എന്ന വ്യാജ പ്രൊഫൈൽ വഴിയും ഇയാൾ വീഡിയോ ഷെയർ ചെയ്തു. കോയമ്പത്തൂരിൽനിന്ന് അറസ്റ്റിലായ ലീഗ് പ്രവർത്തകൻ മലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂർ സ്വദേശി അബ്ദുൾ ലത്തീഫിന് വീഡിയോ നൽകിയത് നൗഫലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
യുഡിഎഫിന്റേതും കോൺഗ്രസിന്റേതും ഉൾപ്പെടെയുള്ള വാട്സാപ് ഗ്രൂപ്പുകളിലേക്ക് വീഡിയോ ഷെയർ ചെയ്തശേഷം പ്രചരിപ്പിക്കുന്നതുസംബന്ധിച്ച ശബ്ദസന്ദേശവും പ്രതികൾ അയച്ചു. ഇവരുടെ ഫോണുകൾ പരിശോധിച്ചതിൽനിന്നാണ് നിർണായകവിവരം പൊലീസിന് ലഭിച്ചത്. ഫോണിലെ ശബ്ദസന്ദേശം പ്രതികളുടേതാണെന്ന് സ്ഥിരീകരിക്കാൻ അടുത്തദിവസങ്ങളിൽ പരിശോധന നടക്കും. ശബ്ദസാമ്പിൾ ശേഖരിക്കാനും കൂടുതൽ ചോദ്യംചെയ്യാനുമായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് ശനിയാഴ്ച കോടതിയിൽ അപേക്ഷ നൽകും.
അബ്ദുൾ ലത്തീഫും നൗഫലും നസീറും നിലവിൽ റിമാൻഡിലാണ്. നസീറും നൗഫലും കൂടുതൽപേർക്ക് വീഡിയോ കൈമാറിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ വീഡിയോ പ്രചരിപ്പിച്ചവരടക്കം എട്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.