തൃശൂർ > കോൺഗ്രസിൽനിന്ന് പോകുന്നവരെക്കുറിച്ച് ആക്ഷേപങ്ങൾ ചൊരിയുകയല്ലാതെ കൂട്ടക്കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങൾ പരിശോധിക്കാൻ കഴിയാത്തനിലയിൽ കോൺഗ്രസ് തകർച്ചയിലായെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മുൻ ഡിസിസി ജനറൽ സെക്രട്ടറി വിജയഹരി പറഞ്ഞു. രാജ്യവ്യാപകമായി കോൺഗ്രസ് പാർടിയിൽനിന്ന് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ കൊഴിഞ്ഞുപോവുകയാണ്. ജനപക്ഷ വികസന നയങ്ങളില്ലാതെ അലയുന്ന കോൺഗ്രസിൽ സെൽഫ് പ്രൊമോഷൻ സംസ്കാരമാണ് നടക്കുന്നത്.
ഉമ്മൻചാണ്ടിക്കോ കെ സുധാകരനോ മറ്റു നേതാക്കൾക്കോ കോൺഗ്രസിനെ രക്ഷിക്കാനാകില്ല. ജനങ്ങളിൽനിന്ന് പാർടി അത്രയും അകന്നു. ഇങ്ങനെയുള്ള പാർടിയിൽ തുടരുന്നത് സമൂഹത്തോട് ചെയ്യുന്ന നീതികേടായിരിക്കും. കോൺഗ്രസിനെ രക്ഷിക്കാൻ ഇനി കോൺഗ്രസിനുപോലും കഴിയില്ല. ജനങ്ങളും കോൺഗ്രസിനെ കൈയൊഴിഞ്ഞു.
താൻ കോൺഗ്രസ് കുടുംബത്തിൽ ജനിച്ച വ്യക്തിയാണ്. കെഎസ്യു, യൂത്ത് കോൺഗ്രസ്, കെപിസിസി വിചാർ വിഭാഗ് തുടങ്ങി കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും ഭാരവാഹിയായി 32 വർഷം പ്രവർത്തിച്ചു. കാലത്തിനനുസരിച്ച് ജനക്ഷേമപ്രവർത്തനങ്ങളും നാടിന്റെ വികസന പ്രവർത്തനങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നത് കേരളത്തിലെ എൽഡിഎഫ് സർക്കാരും സിപിഐ എമ്മുമാണ്. ജനപക്ഷ സാമൂഹ്യപ്രവർത്തനം തുടരാൻ കഴിയാവുന്ന ഏക പാർടി എന്ന നിലയിലാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഒരു ഓഫറും ലഭിച്ചിട്ടില്ല. ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. ഇനിയുള്ള കാലം സിപിഐ എമ്മിൽ സജീവമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കോൺഗ്രസിൽനിന്ന് നേതാക്കൾ കൂട്ടത്തോടെ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു. വരും ദിവസങ്ങളിലും നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സിപിഐ എമ്മിലേക്ക് എത്തുമെന്നും എം എം വർഗീസ് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.