സന്ദീപ് രവീന്ദ്രനാഥ്
സന്ദീപ് രവീന്ദ്രനാഥ്
സൈന്യത്തിന് പ്രത്യേകാനുമതി നൽകുന്ന അഫ്സ്പ നിലനിൽ ക്കുന്ന ഇന്ത്യ‐പാക് അതിർത്തി യിൽ ചിത്രീകരിച്ച ആൻതെം ഫോർ കശ്മീർ എന്ന ഹ്രസ്വ ചിത്രം കശ്മീരിന്റെ യഥാർഥ ചിത്രമാണ് പുറത്തുകൊണ്ടു വരുന്നത്
മായക്കാഴ്ചയിൽ അന്ധരാക്കപ്പെട്ടവരെ യാഥാർഥ്യത്തിലേക്ക് കണ്ണുതുറപ്പിക്കുന്ന മിന്നൽക്കാഴ്ചയാണ് സന്ദീപ് രവീന്ദ്രനാഥിന്റെ ഹ്രസ്വചിത്രം ‘ആൻതെം ഫോർ കശ്മീർ’. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി ഇല്ലാതാക്കിയശേഷം ഇരുളിലാഴ്ത്തപ്പെട്ട താഴ്വരയിലെ ജീവിതത്തിലേക്ക് വെളിച്ചം പകരുകയാണ് ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം. 370–-ാം വകുപ്പ് റദ്ദാക്കി ആയിരംദിനം പിന്നിടുന്ന വേളയിലാണ് കശ്മീരിന്റെ ഉള്ളുപൊള്ളുന്ന ഈ ജീവിതക്കാഴ്ച പ്രേക്ഷകരിലേക്കെത്തുന്നത്. ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്വർധനും സംഗീതജ്ഞൻ ടി എം കൃഷ്ണയും ചേർന്നാണ് മെയ് 12ന് ചിത്രം റിലീസ് ചെയ്തത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി സംസ്ഥാനത്തെ വെട്ടിമുറിച്ചശേഷം താഴ്വരയിൽ എല്ലാം ശാന്തമായെന്നാണ് ആഭ്യന്തര വകുപ്പും സേനാ തലവന്മാരും പറയുന്നത്. നാവറുക്കപ്പെട്ടവന്റെ മൗനംപോലെയുള്ള ശാന്തതയാണ് അതെന്ന് ചിത്രം കാണിച്ചുതരും. അന്യായമായി തടവിലാക്കപ്പെടുന്നവർ, കാണാതാകുന്നവർ, അർധ വിധവമാർ(അപ്രത്യക്ഷരാകുന്നവരുടെ ഭാര്യമാർ), പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റവർ ഇവരെല്ലാമാണ് യഥാർഥ ജീവിതങ്ങൾ. സ്വതന്ത്ര വാർത്താവിനിമയം മുമ്പേ അസാധ്യമായ താഴ്വരയിൽ നിരവധി മാധ്യമ പ്രവർത്തകർ ഇക്കാലത്ത് പീഡനങ്ങൾക്ക് ഇരയായി. ഈ പശ്ചാത്തലത്തിലാണ് ചിത്രം താഴ്വരയുടെ യാഥാർഥ്യത്തിന്റെ നേർക്കാഴ്ചയാകുന്നത്.
സൈന്യത്തിന് പ്രത്യേകാനുമതി നൽകുന്ന അഫ്സ്പ നിലനിൽക്കുന്ന ഇന്ത്യ‐പാക് അതിർത്തിയിലാണ് ആൻതെം ഫോർ കശ്മീർ ചിത്രീകരിച്ചത്. പാകിസ്ഥാനോട് അടുത്തുകിടക്കുന്ന ഗ്രാമപ്രദേശം. വിജനമായ തെരുവുകളും റോഡുകളും. റേഷൻ വാങ്ങാനോ ചികിത്സയ്ക്കോപോലും പുറത്തിറങ്ങാൻ ഭയക്കുന്നവർ, വികലാംഗർ, ഭിക്ഷക്കാർ, തൊഴിൽരഹിതർ ഇവരെല്ലാമാണ് തെരുവിലെ മനുഷ്യർ. അധികാരികളുടെ കണ്ണിൽ എല്ലാവർക്കും ഭീകരരുടെ മുഖഛായ. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ആഗ്രഹിക്കുന്ന യുവാവിന്റെ കഠിനാനുഭവങ്ങളിലൂടെയാണ് കാമറ സഞ്ചരിക്കുന്നത്. തമിഴ് റോക്ക് ഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. സംശയത്തിന്റെ മുൾമുനയിൽ ആരും എവിടെവച്ചും പിടികൂടപ്പെടാം. ചോദ്യമോ വിചാരണയോ ഇല്ലാതെ അവസാനിപ്പിക്കപ്പെടാം ‐ ചിത്രം ഓർമിപ്പിക്കുന്നു.
തദ്ദേശവാസികളെ തന്നെ കണ്ടെത്തി, പട്ടാള ഭീഷണികൾക്കും കോവിഡ് നിയന്ത്രണങ്ങൾക്കുമിടയിലാണ് ഒരു മാസം സന്ദീപും സംഘവും മേഖലയിൽ ചെലവഴിച്ച് ദൃശ്യങ്ങൾ പകർത്തിയത്. ചിത്രീകരണത്തിന്റെ അവസാനദിനം ഗ്രനേഡ് പൊട്ടി നാലുപേർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അനുഭവവും സംഘത്തിനുണ്ടായി. പ്രദേശവാസികളുടെ പൂർണ സഹകരണത്തിലാണ് ചിത്രീകരണം സാധ്യമായതെന്ന് സന്ദീപ് പറയുന്നു. തിരക്കഥയും സംവിധാനും സംഗീതവും സന്ദീപ് രവീന്ദ്രനാഥ്. സയിദ് അലി, അബി അബ്ബാസ് എന്നിവരുടേതാണ് ആൻതെത്തിലെ വരികൾ. എഡിറ്റിങ് രാകേഷ് ചെറുമഠം.
രാജ്യാന്തരതലത്തിൽ പ്രദർശിപ്പിക്കപ്പെട്ട ‘ഡയറി ഓഫ് ആൻ ഔട്ട്സൈഡർ’, ‘സന്താനഗോപാല’, ‘ദ് ബുക്ക് ഷെൽഫ്’, ‘സബ് ബ്രദേഴ്സ്’ എന്നീ ഹ്രസ്വ ചിത്രങ്ങളുടെയും നെടുമുടി വേണു പ്രധാന വേഷമിട്ട സ്മാർത്ത വിചാരം പ്രമേയമാക്കിയ ‘താരാട്ടുപാട്ട്’ ഡോക്യുമെന്ററിയുടെയും സംവിധായകനാണ് സന്ദീപ്. പഠനത്തിന്റെ ഭാഗമായി ചെയ്ത ഡയറി ഓഫ് ആൻ ഔട്ട് സൈഡർ, വിഖ്യാത സംവിധായകരായ സ്റ്റീവൻ സ്പിൽബർഗ്, വുഡി അലൻ തുടങ്ങിയവരുൾപ്പെട്ട ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ സ്റ്റുഡന്റ് അവാർഡ് പട്ടികയിൽ ഇടംപിടിച്ചു. ഗോവിന്ദ് പൻസാരെ, ധാബോൽകർ, കലബുർഗി എന്നിവർക്ക് സമർപ്പിക്കുന്ന ദ് ബുക്ക്ഷെൽഫ്, ആശയങ്ങളോടും ചിന്തകരോടുമുള്ള സംഘപരിവാറിന്റെ അസഹിഷ്ണുത മറനീക്കുന്നു. ചിന്ത പബ്ലിഷേഴ്സ്, പെരുമാൾ മുരുകന്റെ കാലച്ചുവട്, ഇന്ദിര ചന്ദ്രശേഖറിന്റെ തൂലിക ബുക്സ് എന്നിവരാണ് ചിത്രം കമീഷൻ ചെയ്തത്. നൂറിലേറെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ നിരവധി പുരസ്കാരങ്ങളും നേടി.
ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് മ്യൂസിക് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സന്ദീപ് കൊളംബിയ സർവകലാശാലയിൽനിന്ന് സിനിമാ സംവിധാനവും പരിശീലിച്ചു. ന്യൂയോർക്കിൽ സോണി മ്യൂസിക്കൽ പ്രോഗ്രാം അനലിസ്റ്റായിരുന്നു. പ്രശസ്ത സംഗീതജ്ഞരായ ചിത്രവീണ രവി കിരൺ, നാഗൈ മുരളീധരൻ, കർണാടിക് ബ്രദേഴ്സ്, ഉസ്താദ് ഷഹീദ് പർവേസ് ഖാൻ, സ്റ്റീവ് ഗോൺ തുടങ്ങിയവരുടെ സംഗീത പരിപാടികളിൽ ലൈവ് സൗണ്ട് എൻജിനിയറായും പ്രവർത്തിച്ചു.
കാലടി സ്വദേശിയായ സന്ദീപ് വാസ്തുഹാര, പൊന്തൻമാട തുടങ്ങിയ ക്ലാസിക് ചിത്രങ്ങളുടെ നിർമാതാവായിരുന്ന ടി രവീന്ദ്രനാഥി(ബാങ്ക് രവി)ന്റെ മകനാണ്. അരവിന്ദനും പവിത്രനും ടി വി ചന്ദ്രനുമെല്ലാം ഉൾപ്പെട്ട സിനിമാ സംഘത്തിലെ അംഗമായിരുന്ന രവീന്ദ്രനാഥ് നടനും സംവിധാന സഹായിയുമായും പ്രവർത്തിച്ചു. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തേ നല്ല സിനിമയുമായി ആത്മബന്ധം പുലർത്താൻ കഴിഞ്ഞു സന്ദീപിന്.