മാവേലിക്കര> വൈകല്യങ്ങൾ തളർത്തിയില്ല, കൺമണിക്ക് കേരള സർവകലാശാലയുടെ ബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്സിൽ (വോക്കൽ- ശാസ്ത്രീയ സംഗീതം) ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ വിദ്യാർഥിനിയാണ്.
മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്ടപദിയിൽ ശശികുമാറിന്റെയും രേഖയുടെയും മകളാണ്. ജന്മനാ ഇരുകൈകളുമില്ല. കാലുകൾക്ക് പൂർണവളർച്ചയില്ല. എങ്കിലും പാട്ടുപാടിയും കാലുകൊണ്ട് ചിത്രം വരച്ചും കൺമണി കഴിവുതെളിയിച്ചു.
പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് അധ്യാപികയാണ് കൺമണിയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. കലോത്സവ വേദികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. അഞ്ഞൂറിലേറെ ചിത്രം വരച്ചിട്ടുണ്ട്. വേദികളിൽ സംഗീതവിരുന്നൊരുക്കി കൈയടിനേടി. ചാനൽ പരിപാടികളിൽ പങ്കെടുത്തു, സിനിമകളിലും അഭിനയിച്ചു.
ഡൽഹിയിൽ പാർലമെന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരായ പ്രതിഭകളുടെ ദിവ്യകലാശക്തി പരിപാടിയിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഒരേയൊരാൾ കൺമണിയാണ്. കേന്ദ്ര സർക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.
കോളേജിലെ അധ്യാപകർക്കു പുറമേ ശ്രീദേവ് രാജഗോപാൽ, വർക്കല സി എസ് ജയറാം, വീണ ചന്ദ്രൻ, പ്രിയംവദ എന്നിവർക്ക് കീഴിലും സംഗീതം അഭ്യസിക്കുന്നു. സ്വാതിതിരുനാൾ കോളേജിൽ തന്നെ ശാസ്ത്രീയ സംഗീതത്തിൽ എംഎ എടുക്കാനാണ് ആഗ്രഹമെന്ന് കൺമണി പറഞ്ഞു.